ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ശിവസേനയിലെ ഉൾപാർട്ടി ഭിന്നതകൾ പരിഹരിക്കാൻ വിശ്വാസ വോട്ടെടുപ്പ് എന്ന സംവിധാനം ദുരുപയോഗം ചെയ്യരുതായിരുന്നു എന്നും ഇക്കാര്യത്തിൽ ഗവർണർക്ക് തെറ്റ് പറ്റിയതായും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം ഏക്‌നാഥ് ഷിൻഡെ സർക്കാരിന് വിമർശനം നേരിട്ടുവെങ്കിലും ഉദ്ധവ് പക്ഷത്തിന് അധികാരത്തിലെത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. രാജി വെച്ചില്ലായിരുന്നുവെങ്കിൽ ഉദ്ധവ് പക്ഷത്തെ പുനഃസ്ഥാപിക്കാമായിരുന്നു എന്നും വിശ്വാസ വോട്ട് തേടാത്തതിനാല്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്‌തമാക്കി.
ശിവസേനയുടെ ഏകനാഥ് ഷിൻഡെ ക്യാമ്പ് സ്‌പീക്കറെ നിയമിച്ചത് പാർട്ടി നൽകിയ വിപ്പ് പാലിക്കാത്തതിനാൽ നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞു. വിശ്വാസ വോട്ടിന് നിര്‍ദേശം നല്‍കാനുള്ള ഒരു വസ്‌തുതകളും ഗവര്‍ണറുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിരുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.