ന്യൂഡൽഹി :ഡൽഹിയുടെ ഭരണ നിർവഹണം സംബന്ധിച്ച തർക്കത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. ഡൽഹിയുടെ ഭരണാധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് വിധി പ്രസ്‌താവിച്ചത്. പബ്ലിക് ഓർഡർ, പൊലീസ്, ലാൻഡ് എന്നിവയ്ക്ക് കീഴിലുള്ള സേവനങ്ങളെ മാത്രമേ ഡൽഹി സർക്കാരിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളൂവെന്നും സുപ്രീം കോടതി ബഞ്ച് വ്യക്‌തമാക്കി.
'ഡൽഹിയുടെ ദേശീയ തലസ്ഥാന പ്രദേശം ഒരു സമ്പൂർണ സംസ്ഥാനമല്ല. ഇത് ആദ്യ ഷെഡ്യൂളിന് കീഴിലുള്ള ഒരു സംസ്ഥാനവുമല്ല, എന്നിട്ടും നിയമനിർമാണം നടത്താൻ അതിന് അധികാരമുണ്ട്. എന്നാൽ സംസ്ഥാനത്തിന്‍റെ എക്‌സിക്യുട്ടീവ് അധികാരം കേന്ദ്രത്തിന്‍റെ നിലവിലുള്ള നിയമത്തിന് വിധേയമായിരിക്കും. സംസ്ഥാനങ്ങളുടെ ഭരണം കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കണം' - ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണാധികാരം ഇല്ലെങ്കില്‍ അത് ജനങ്ങളോടും നിയമ നിര്‍മാണ സഭയോടും ഉള്ള ഉത്തരവാദിത്വം കുറയുന്നതിന് തുല്യമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അത് കൂട്ടുത്തരവാദിത്വത്തെ ബാധിക്കുമെന്നും ഭരണഘടന ബഞ്ച് വിധിച്ചു.
ഭരണഘടനയുടെ 239 എ.എ അനുച്ഛേദ പ്രകാരം ആര്‍ക്കാണ് ഡല്‍ഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബഞ്ച് വിധി പ്രസ്‌താവിച്ചത്. ലഫ്റ്റനന്‍റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ചാണ് ഡല്‍ഹി സര്‍ക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.