ഹൈദരാബാദ്: സ്വവര്‍ഗ വിവാഹത്തിനുള്ള നിയമ സാധുത സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധിയെത്തിയത് ചൊവ്വാഴ്‌ചയാണ് (17.10.2023). ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ മൂന്നുപേര്‍ വിയോജിച്ചതോടെ ഇത്തരം വിവാഹങ്ങള്‍ക്ക് നിയമ സാധുതയുണ്ടാവില്ലെന്നും കോടതി അറിയിച്ചു. ഭരണഘടന ബെഞ്ചിലെ ജസ്‌റ്റിസ് ഹിമ കൊഹ്‌ലി ഒഴികെയുള്ളവരുടെ പ്രത്യേക വിധി പ്രസ്‌താവനകളുള്‍പ്പടെ നാല് പ്രത്യേക വിധികളാണ് വിഷയത്തിൽ സുപ്രീം കോടതി അറിയിച്ചത്.
എന്നാല്‍ വിവാഹ സമത്വം നിയമ വിധേയമാക്കുന്നതില്‍ നിന്ന് കോടതി വിട്ടുനിന്നതോടെ, നിലവിലെ വിധി LGBTQ+ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വലിയ തിരിച്ചടിയാണെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. മാത്രമല്ല ഇവരുടേതായുള്ള ദത്തെടുക്കല്‍ സംബന്ധിച്ചും പ്രായോഗിക ആശങ്കകളും ഇതിനൊപ്പം തന്നെ ചര്‍ച്ചകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭരണഘടന ബെഞ്ചിന്‍റെ വിധിന്യായങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് എതിരായിരുന്നോ?.
എല്ലാ സാധ്യതകളും അടച്ച വിധിയോ?: സ്വവര്‍ഗ വിവാഹത്തിനുള്ള നിയമ സാധുത തേടിക്കൊണ്ട് തങ്ങള്‍ക്ക് മുന്നിലെത്തിയ ഇരുപതോളം ഹർജികളിൽ സ്വവര്‍ഗ വിവാഹവും ക്വിയര്‍ ദമ്പതികളുടെ ദത്തെടുക്കാനുള്ള അവകാശം ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ അംഗീകരിക്കുന്നതില്‍ ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിനും ജസ്‌റ്റിസ് സഞ്‌ജയ് കിഷന്‍ കൗളിനും എതിര്‍പ്പില്ലായിരുന്നു. അതായത് ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് അയാളുടെ ജീവിത ഗതി തെരഞ്ഞെടുക്കുന്നതിന്‍റെ അവിഭാജ്യ ഘടകമാണെന്നും ഈ അവകാശം ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന് കീഴില്‍ വരുമെന്നുമായിരുന്നു ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധിപ്രസ്‌താവനയില്‍ കുറിച്ചത്.
മാത്രമല്ല ഇത്തരം കൂടിച്ചേരലുകള്‍ അംഗീകരിക്കാതിരിക്കുന്നത് ക്വിയര്‍ ദമ്പതികളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ സ്വവര്‍ഗ അനുരാഗം നഗര വരേണ്യ സങ്കല്‍പമാണെന്ന ധാരണയെയും കേന്ദ്ര വാദത്തെയും ചീഫ് ജസ്‌റ്റിസ് തുറന്നുകാട്ടിയിരുന്നു. സ്വവര്‍ഗ അനുരാഗവും ക്വിയര്‍നസും നഗരപ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താനോ, അല്ലെങ്കില്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതോ അല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാത്രമല്ല വൈവാഹിക സമത്വം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണയെ പൊളിച്ചടുക്കുക കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ വിധിന്യായം.
ഐക്യപ്പെടലല്ല, മറിച്ച് 'ചരിത്ര യോജിപ്പ്':ഭരണഘടന ബെഞ്ചംഗമായിരുന്ന ജസ്‌റ്റിസ് സഞ്‌ജയ് കിഷന്‍ കൗളും ചീഫ് ജസ്‌റ്റിസിന്‍റെ ഈ അഭിപ്രായത്തെ അനുകൂലിക്കുകയും ഇതില്‍ വിവേചനമില്ലാതിരിക്കാന്‍ നിയമം കൊണ്ടുവരാനും ആവശ്യപ്പെട്ടിരുന്നു. ഒരുപടി കൂടി കടന്ന് ചരിത്രത്തിലുടനീളം സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് കേവലം ലൈംഗികതയിലൂന്നിയതല്ല, മറിച്ച് വൈകാരിക ആവശ്യങ്ങൾ നിറവേറ്റുന്ന ബന്ധങ്ങളായാണെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്‌റ്റിസിന്‍റെ വിധിന്യായത്തോട് യോജിക്കുന്നുവെന്നും ഭരണഘടന കോടതികൾ സാമൂഹിക ധാർമികതയെക്കാൾ ഭരണഘടനാപരമായ ധാർമികതയാൽ നയിക്കപ്പെടുന്ന അവകാശങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ജസ്‌റ്റിസ് എസ് കെ കൗള്‍ കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ട് ദത്ത് അവകാശം എതിര്‍ക്കപ്പെട്ടു: ദത്തെടുക്കല്‍ അവകാശങ്ങളിലും ഭരണഘടന ബെഞ്ചില്‍ സമാന രീതിയുള്ള യോജിപ്പും വിയോജിപ്പും പ്രകടമായിരുന്നു. ക്വിയര്‍ ദമ്പതികളുടെ ദത്തെടുക്കല്‍ അവകാശത്തെയും ചീഫ് ജസ്‌റ്റിസ് ചന്ദ്രചൂഡും ജസ്‌റ്റിസ് എസ് കെ കൗളുമാണ് അനുകൂലിച്ചത്. ജസ്‌റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, പിഎസ് നരസിംഹ, ഹിമ കൊഹ്‌ലി എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി.
സ്വവര്‍ഗ അനുരാഗം നഗര വരേണ്യ സങ്കല്‍പമല്ലെന്ന ചീഫ് ജസ്‌റ്റിസിന്‍റെ ആശയത്തോട് യോജിക്കുവെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങളോട് യോജിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് ജസ്‌റ്റിസ് എസ് രവീന്ദ്ര ഭട്ട് തന്‍റെ വിയോജിപ്പ് വ്യക്തമാക്കിയത്. ഈ പ്രശ്‌നം പരിഹരിക്കേണ്ടത് നിയമനിര്‍മാണ സഭയുടെ ചുമതലയാണെന്നും ക്വിയര്‍ ദമ്പതികള്‍ക്കായി കോടതി നിയമത്തിന്‍റെ ചട്ടക്കൂട് സൃഷ്‌ടിക്കരുതെന്നും അദ്ദേഹം വാദിച്ചു.
മാത്രമല്ല സ്ഥിരമായ വീടുകള്‍ ഉള്‍പ്പടെയുള്ള കുട്ടികളുടെ താൽപര്യങ്ങൾ നിർണയിക്കാന്‍ സംസ്ഥാനം പരിഗണിക്കുന്ന എല്ലാ വശങ്ങളെക്കുറിച്ചും ജസ്‌റ്റിസ് ഭട്ട് ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ ഭിന്നലിംഗക്കാരല്ലാത്ത ദമ്പതികളുടെ ദത്തെടുക്കല്‍ എന്ന ആശയവുമായി കൂടി കലരാത്ത ഒന്നിലധികം ഘടകങ്ങൾ സംസ്ഥാനം പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. എന്നാല്‍ വ്യക്തമായ നിർദേശങ്ങളിലൂടെ ക്വിയർ ദമ്പതികൾക്കെതിരായ വിവേചനം പരിഹരിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജസ്‌റ്റിസ് രവീന്ദ്ര ഭട്ടിനോടുള്ള വിയോജിപ്പ് വ്യക്തമാക്കി.
പ്രശ്‌നപരിഹാരത്തിന് കമ്മറ്റി എത്തും:സ്വവര്‍ഗ ദമ്പതികള്‍ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്‍റെ പങ്കിനെ കുറിച്ച് സുപ്രീംകോടതി വിധിയില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. സ്വവര്‍ഗ ദമ്പതികള്‍ നേരിടുന്ന വെല്ലുവിളികളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇത്. LGBTQ+ വിഭാഗക്കാരുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുനല്‍കുന്നതില്‍ കോടതിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ഈ നിര്‍ദേശവും.
അതായത് റേഷന്‍ കാര്‍ഡ്, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഭരണപരമായ പരിഹാരങ്ങള്‍ക്കായി ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. കോടതിയുടെ തന്നെ മുമ്പുള്ള കണ്ടെത്തലിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്‍റെ ഈ മറുപടി. വിവാഹ സമത്വവുമായി ബന്ധപ്പെട്ട ചോദ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യാതെ തന്നെ സ്വവർഗ ദമ്പതികൾക്ക് പ്രായോഗിക ആശ്വാസം നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ചരിത്രവിധിയിലേക്കുള്ള ദൂരം കുറയുന്നു:ഈ സുപ്രധാന വിധികളിലൂടെയെല്ലാം തന്നെ സ്വവര്‍ഗ വിവാഹത്തിനുള്ള നിയമ സാധുത അംഗീകരിച്ചില്ല എന്നതിലുപരി, LGBTQ+ വിഭാഗത്തില്‍പ്പെട്ടവരുമായി ബന്ധപ്പെട്ട സമത്വം, വിവേചനം, അവകാശങ്ങള്‍ എന്നിവയില്‍ സുപ്രധാന ചുവടുവയ്‌പ്പ് തന്നെയായി പരിഗണിക്കാനാവും. ഒന്നുകൂടി വ്യക്തമാക്കിയാല്‍ വിധി പ്രസ്‌താവനയിലെ യോജിപ്പിലും വിയോജിപ്പിലുമായി നിയമ സാധുത ലഭിക്കാതെ പോയി എന്നതിനെക്കാള്‍, LGBTQ+ വിഭാഗത്തില്‍പ്പെട്ടവരുടെ കൂടുതല്‍ അവകാശങ്ങളിലേക്കും ചരിത്രവിധിയിലേക്കുമുള്ള പുതിയ സാധ്യതകളാണ് ഈ വിധിയിലൂടെ തുറന്നിടപ്പെട്ടതെന്ന് സാരം.