ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസിൽ വി ശിവൻകുട്ടി ഉൾപ്പെടെയുള്ള എംഎൽഎമാരെ ശക്തമായി വിമർശിച്ച് സുപ്രീം കോടതി. ബജറ്റ് അവതരണത്തിനിടയിൽ മൈക്രോഫോൺ വലിച്ചെറിയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന ബജറ്റ് തടയാന്‍ ശ്രമിച്ചതിലൂടെ എന്തു സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു.
നിയമസഭ കയ്യാങ്കളിക്കേസിൽ സിപിഎം നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാനായി കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ധനബിൽ തടഞ്ഞവർക്ക് എന്ത് പരിരക്ഷയാണ് നൽകേണ്ടതെന്ന് കോടതി ചോദിച്ചു. കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സർക്കാരിന് കഴിയില്ലെന്നും കോടതി പറഞ്ഞു.
ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. നിയമസഭാ കയ്യാങ്കളിക്കേസ് തീർപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കൂടാതെ ഹൈക്കോടതി ശക്തമായ ഭാഷയിൽ പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു.
പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് സർക്കാർ
അതേസമയം സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിനിടെ സഭയിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎമാർക്കെതിരെ കേസെടുക്കുന്നത് നിയമസഭ സെക്രട്ടറിക്ക് ഉചിതമല്ല. എംഎൽഎമാർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്.
ഇക്കാര്യത്തിൽ പാർലമെന്‍റിലെയും സംസ്ഥാന നിയമസഭയിലെയും അംഗങ്ങൾക്ക് ചില പ്രത്യേകാവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 105 (3), 194 (3) എന്നിവയും കേരളം ഹർജിയിൽ ഉയർത്തിക്കാട്ടി. കേരള സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നിയമസഭ കയ്യാങ്കളിക്കേസിൽ പ്രതികളായ എംഎൽഎമാരും കോടതിയെ സമീപിച്ചിരുന്നു. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് പരിഗണിക്കുന്നത്. കൂടാതെ പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തല തടസഹര്‍ജിയും നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ആര്‍. സുബാഷ് റെഡ്ഡി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടുങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Also read: സംസ്ഥാനത്ത് 8037 പേർക്ക് കൂടി കൊവിഡ്; 11,346 പേര്‍ക്ക് രോഗമുക്തി