ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. യുപി പൊലീസിന്‍റെ അന്വേഷണത്തില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേയാണ് ഹാജരായത്. എന്തുകൊണ്ട് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തില്ലെന്ന് കോടതി ആരാഞ്ഞു. മുഖ്യ പ്രതിയായ ആശിഷ് മിശ്രയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിയ്ക്കുമെന്നും സാല്‍വെ കോടതിയെ അറിയിച്ചു. മറ്റ് കേസുകളില്‍ ഈ ഇളവ് നല്‍കാറുണ്ടോയെന്ന് കോടതി ചോദിച്ചു.
എട്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസാണിത്. ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതാണ്. കേസില്‍ ദൃക്‌സാക്ഷികളുടെ വ്യക്തമായ മൊഴികളുമുണ്ടെന്നും കോടതി ചൂണ്ടികാട്ടി. നിയമം അതിന്‍റെ വഴി സ്വീകരിയ്ക്കണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.