ന്യൂഡൽഹി:രാജ്യത്തെ സ്വകാര്യ ആശുപത്രികൾ മനുഷ്യരുടെ കഷ്ടതയിൽ പുഷ്ടിപ്പെടുന്ന വ്യവസായ സ്ഥാപനങ്ങളായി മാറിയെന്ന് സുപ്രീം കോടതി. അതുകൊണ്ട് തന്നെ അവ അടച്ചിടുന്നതാണ് നല്ലതെന്നും പകരം ജനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാരുകൾ ആശുപത്രികൾ തുടങ്ങണമെന്നും സുപ്രീം കോടതി പറഞ്ഞു. രാജ്യത്ത് വേണ്ടത്ര സൗകര്യമില്ലാത്ത ചെറിയ സ്വകാര്യ ആശുപത്രികൾക്ക് എന്തിനാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു.
ഗുജറാത്തിൽ സ്വകാര്യ ആശുപത്രികളുടെ കെട്ടിട ഉപയോഗാനുമതി സംബന്ധിച്ചുള്ള സമയപരിധി സർക്കാർ നീട്ടിയത് പിൻവലിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. "സ്വകാര്യ ആശുപത്രികൾ മനുഷ്യരുടെ കഷ്ടപ്പാടുകളെ മുതലെടുക്കുകയാണ്. ഞങ്ങൾക്ക് അത് അനുവദിക്കാനാകില്ല. അത്തരം സ്വകാര്യ ആശുപത്രികൾ അടച്ച് പൂട്ടട്ടെ", ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.