കേരളം

kerala

ETV Bharat / bharat

Teesta Setalvad | ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യാപേക്ഷ വിശാല ബഞ്ചിന് വിട്ട് സുപ്രീം കോടതി - സുപ്രീം കോടതി

ജാമ്യാപേക്ഷയില്‍, സുപ്രീം കോടതിയുടെ രണ്ട് അംഗ ബഞ്ചിൽ അഭിപ്രായഭിന്നത ഉണ്ടായതിനെ തുടര്‍ന്നാണ് വിശാല ബഞ്ചിന് വിട്ടത്

Etv Bharat
Etv Bharat

By

Published : Jul 1, 2023, 9:17 PM IST

Updated : Jul 1, 2023, 10:45 PM IST

ന്യൂഡൽഹി:ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് തടവില്‍ കഴിഞ്ഞിരുന്ന, സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യാപേക്ഷ വിശാല ബഞ്ചിന് വിട്ട് സുപ്രീം കോടതി. ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ രണ്ട് അംഗ ബഞ്ചിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷ വിശാല ബഞ്ചിന് വിട്ടത്.

ടീസ്റ്റ സെതല്‍വാദിന്‍റെ ഇടക്കാല ജാമ്യഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. താമസമില്ലാതെ കീഴടങ്ങാനും ടീസ്റ്റയോട് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ്, ടീസ്റ്റ സെതൽവാദ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രത്യേക സിറ്റിങില്‍, സെതൽവാദിന് ഇടക്കാല ജാമ്യം നൽകുന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും വിഷയം വിശാല ബഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചുവെന്നും ജസ്റ്റിസ് അഭയ് എസ് ഓകയും ജസ്റ്റിസ് പികെ മിശ്രയും പറഞ്ഞു.

'ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യം സംബന്ധിച്ച കാര്യത്തിൽ ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അതിനാൽ വിഷയം ഒരു വിശാല ബഞ്ചിന് വിടാൻ ഞങ്ങൾ ചീഫ് ജസ്റ്റിസിനോട് അഭ്യർഥിക്കുന്നു.'- ബഞ്ചിന്‍റെ നിരീക്ഷണം ഇങ്ങനെയായിരുന്നു. വാദത്തിനിടെ, ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ വർഷം ജൂണിൽ പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവിലെ നിരീക്ഷണങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വായിച്ചു.

ഗുജറാത്ത് സർക്കാരിനെ പ്രതിനിധീകരിച്ചാണ് മേത്ത സുപ്രീം കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതിന് ശേഷം കോടതി ചില വസ്‌തുതകൾ കണ്ടെത്തിയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ വിഷയത്തില്‍ ഒന്നുമില്ലെന്ന് തോന്നുന്നെങ്കില്‍ ഉത്തരവ് ഇറക്കാമെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയാണ് സാകിയ ജാഫ്രി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഹര്‍ജി തള്ളി സുപ്രീം കോടതി ക്ലീന്‍ ചിറ്റ് ശരിവയ്‌ക്കുകയായിരുന്നു.

'ടീസ്റ്റയ്‌ക്ക് ജാമ്യം നല്‍കുന്നത് ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല':ടീസ്റ്റ സെതൽവാദിന് കീഴടങ്ങാൻ ഹൈക്കോടതിക്ക് കുറച്ച് സമയം നൽകാമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ അവർ ഇടക്കാല ജാമ്യത്തിലാണ്. 'നമുക്ക് ഈ വിഷയം തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ വീണ്ടും എടുക്കാം. എന്നാല്‍, 72 മണിക്കൂറിനുള്ളിൽ എന്ത് സംഭവിക്കാനാണ് ?' - കോടതി ചോദിച്ചു. ഇടക്കാല ജാമ്യത്തില്‍ ആയിരുന്ന ടീസ്റ്റ സെതല്‍വാദ്, 30 ദിവസം കൂടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാതെ ഗുജറാത്ത് ഹൈക്കോടതി ഉടൻ കീഴടങ്ങാൻ നിർദേശിക്കുകയാണുണ്ടായത്.

ടീസ്റ്റയ്‌ക്ക് ജാമ്യം അനുവദിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിൽ, കാര്യങ്ങളെല്ലാം താറുമാറായെന്ന സൂചന നൽകുമെന്ന് ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 2002ല്‍ നടന്ന ഗുജറാത്ത് വംശഹത്യയില്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ടീസ്റ്റ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടി. 2022 ജൂണിൽ മുൻ പൊലീസ് ഡയറക്‌ടര്‍ ജനറൽ ആർബി ശ്രീകുമാർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കൊപ്പം സെതൽവാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2022 സെപ്റ്റംബർ രണ്ടിനാണ് ടീസ്റ്റയ്‌ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

Last Updated : Jul 1, 2023, 10:45 PM IST

ABOUT THE AUTHOR

...view details