ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്ന് വിടണോയെന്നത് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി തീരുമാനിക്കും. സുപ്രീം കോടതി അത് സംബന്ധിച്ച് ഒരു നിര്‍ദേശവും മുന്നോട്ട് വെക്കില്ലെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടുന്നതിനെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഡാമിന്‍റെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു മേല്‍നോട്ട സമിതി നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയോട് കോടതി ചോദിച്ചു.
എന്നാല്‍ വെള്ളം തുറന്ന് വിടുന്നതിനെതിരെയല്ല മുന്നിറയിപ്പില്ലാതെ വെള്ളം തുറന്ന് വിടുന്നതിനെതിരെയാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വെള്ളം തുറന്ന് വിടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും മുന്നറിയിപ്പ് നല്‍കണം. ഇത് തമിഴ്‌നാട് പാലിക്കുന്നില്ല. സമിതി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ജയ്‌ദീപ് ഗുപ്‌ത കോടതിയെ അറിയിച്ചു.