ന്യൂഡല്‍ഹി : മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡിനെതിരായ കേസുകളിലെ വിചാരണ താത്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതിയുടെ പരിശോധന പൂര്‍ത്തിയാകുന്നത് വരെ വിചാരണ നിര്‍ത്തിവയ്‌ക്കാനാണ് നിര്‍ദേശം. മാര്‍ഗദര്‍ശിക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട മുഴുവന്‍ കേസുകളും തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാര്‍ഗദര്‍ശിക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ നടപടിയെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിഷയത്തില്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിനും സിഐഡിക്കും സുപ്രീംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്. കേസ് 2024 ഫെബ്രുവരി 2ന് വീണ്ടും കോടതി പരിഗണിക്കും.