ന്യൂഡല്‍ഹി: ആര്‍ബിഐ ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ എകെ നായര്‍ക്ക് സുപ്രീംകോടതിയുടെ ആശ്വാസം. ഏതാനും വര്‍ഷത്തിനുള്ളില്‍ ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുന്ന എകെ നായര്‍ക്ക് സാങ്കല്‍പിക പ്രമോഷന്‍ (Notional promotion) നല്‍കാന്‍ ആര്‍ബിഐയോട് നിര്‍ദേശിച്ച് സുപ്രീംകോടതി. ദുർബലർക്കും ദരിദ്രർക്കും നീതി ഉറപ്പാക്കുന്നത് അവരെ സമൂഹത്തിലെ മറ്റുള്ളവരുമായി തുല്യരാക്കുമെന്ന് കോടതി പറഞ്ഞു.
പൊതുതൊഴില്‍ മേഖലകളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമാണെന്നും അത് അത്തരം വ്യക്തികളോടുള്ള അവഹേളനമാണെന്നും കോടതി പറഞ്ഞു. 1995ലെ പിഡബ്ല്യുഡി നിയമം നിയമനങ്ങളിലെ സംവരണം നിർബന്ധമാക്കുക മാത്രമല്ല മറിച്ച് സ്ഥാനക്കയറ്റത്തിനുള്ള സംവരണം പരിഗണിക്കുകയും ചെയ്യുന്നുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സമൂഹത്തിലെ ശക്തരായ വിഭാഗവുമായി ദുര്‍ബല വിഭാഗം പോരാടുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്ക് നീതി ഉറപ്പാക്കേണ്ട കാര്യത്തില്‍ കോടതികള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. 1995ലെ പിഡബ്ല്യുഡി ആക്‌ട് പ്രകാരം നായര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള അവകാശം ഉണ്ടെന്നതില്‍ സംശയമില്ലെന്നും കോടതി നിരീക്ഷിച്ചു.
മാത്രമല്ല അദ്ദേഹം ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ ലഭിക്കേണ്ട സ്ഥാനക്കയറ്റത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ശരീരത്തിന് 50 ശതമാനം പോസ്റ്റ് പോളിയോ പക്ഷാപാതമുള്ള എകെ നായര്‍ ജോലിയില്‍ പ്രമോഷന്‍ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്.
ആര്‍ബിഐയിലെ ജോലിയും സ്ഥാനക്കയറ്റവും:1990 സെപ്‌റ്റംബര്‍ 27നാണ് ആർബിഐയില്‍ എകെ നായര്‍ ജോലിയില്‍ പ്രവേശിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സംവരണ ചെയ്‌തിട്ടുള്ള ക്ലര്‍ക്കിന്‍റെ ഒഴിവിലാണ് ജോലിയില്‍ പ്രവേശിച്ചത്. ഏറെ നാള്‍ ജോലിയില്‍ തുടര്‍ന്ന അദ്ദേഹം സ്ഥാനക്കയറ്റം വേണമെന്ന് ആവശ്യപ്പെടുകയും ഇതിനായി ആര്‍ബിഐ നടത്തിയ പാനല്‍ ഇയര്‍ ഓള്‍ ഇന്ത്യ മെറിറ്റ് ടെസ്റ്റില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു.
സ്ഥാനക്കയറ്റത്തിനായി 2003ല്‍ എകെ നായര്‍ എഴുതിയ ടെസ്റ്റിന്‍റെ ഫലം പ്രഖ്യാപിച്ചത് 2004 ഒക്‌ടോബര്‍ 19നായിരുന്നു. സ്ഥാനക്കയറ്റത്തിന് യോഗ്യമായ 95 മാര്‍ക്കില്‍ നിന്നും അദ്ദേഹത്തിന് മൂന്ന് മാര്‍ക്ക് കുറഞ്ഞ് 93 മാര്‍ക്കാണ് ലഭിച്ചത്. വിഷയത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കിയിട്ടുള്ള സംവരണ ഇളവുകളുടെ ആനുകൂല്യം അനുവദിച്ച് സ്ഥാനക്കയറ്റം നല്‍കണമെന്നാവശ്യപ്പെട്ട് എകെ നായര്‍ ആര്‍ബിഐയെ സമീപിച്ചു.
എന്നാല്‍ പ്രമോഷണല്‍ പരീക്ഷകളില്‍ ഭിന്നശേഷിക്കാര്‍ക്ക് ഗ്രേസ് മാര്‍ക്ക് കുറഞ്ഞാല്‍ പ്രമോഷന്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയ ആര്‍ബിഐ സ്ഥാനക്കയറ്റം നല്‍കാന്‍ വിസമ്മതം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് എകെ നായര്‍ സുപ്രീംകോടതിയെ സമീപിച്ചത്.