ന്യൂഡല്‍ഹി:തെരുവുനായ ശല്യവും ആക്രമണവും രൂക്ഷമായ സാഹചര്യത്തില്‍ ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയോട് (എഡബ്ലിയുബിഐ) റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. രാജ്യത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റതിന്‍റെയും ഇത്തരം സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളുടെയും ഡാറ്റ സമര്‍പ്പിക്കാനാണ് കോടതി ഇന്ന് (12.10.2022) എഡബ്ലിയുബിഐയോട് ആവശ്യപ്പെട്ടത്. മാത്രമല്ല വിശദാംശങ്ങൾ പരാമർശിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാനും ഇതില്‍ കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ സമ്മതമാണോ എന്ന് വ്യക്തമാക്കാനും ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
തെരുവുനായ ആക്രമണം; സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളുടെ ഡാറ്റ സമര്‍പ്പിക്കാന്‍ എഡബ്ലിയുബിഐയോട് ആവശ്യപ്പെട്ട് സുപ്രീംകോടതി
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നടന്ന തെരുവുനായ ആക്രമണങ്ങളും, സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളുടെ ഡാറ്റ സമര്‍പ്പിക്കാന്‍ ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയോട് (എഡബ്ലിയുബിഐ) ആവശ്യപ്പെട്ട് സുപ്രീംകോടതി
കേരളത്തിലും മുംബൈയിലും ഭീഷണിയായി മാറിയ തെരുവ് നായകളെ കൊല്ലുന്നത് സംബന്ധിച്ച് വിവിധ പൗരസമിതികൾ പുറപ്പെടുവിച്ച ഉത്തരവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഒരു കൂട്ടം ഹർജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. തെരുവ് നായകളുടെ ശല്യം നിയമങ്ങൾക്കനുസൃതമായി നേരിടാൻ മുനിസിപ്പൽ അധികാരികളെ അനുവദിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെയും കേരള ഹൈക്കോടതിയുടെയും തീരുമാനങ്ങൾക്കെതിരെ ചില എൻജിഒകളും വ്യക്തിഗത ഹർജിക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതികള്‍, സിവില്‍ കോടതികള്‍, മറ്റ് അധികാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് മുന്നിലുള്ള എല്ലാ റിട്ട് ഹർജികളും നടപടികളും സ്‌തംഭനാവസ്ഥയിലാകണം, ഹൈക്കോടതികള്‍ക്ക് തെരുവുനായ വിഷയത്തില്‍ ഫലപ്രദമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല തുടങ്ങിയവ ഈ കോടതിയുടെ ഉദ്ദ്യേശമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം ആളുകളുടെ സുരക്ഷയും മൃഗങ്ങളുടെ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തണമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല തെരുവ് നായകള്‍ക്ക് ഭക്ഷണം നൽകുന്നവർ വാക്‌സിനേഷൻ നൽകാനും മൃഗം ആരെയെങ്കിലും ആക്രമിച്ചാൽ ചികിത്സാചെലവ് വഹിക്കാനും ഉത്തരവാദികളാക്കാമെന്നും കോടതി നിർദേശിച്ചിരുന്നു.