ന്യൂഡല്‍ഹി:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്. അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. മുന്‍ റോ മേധാവി അലോക് ജോഷി, ഡോ. സുന്ദീപ് ഒബ്‌റോയ്, ഡോ. നവീന്‍ ചൗധരി(സൈബര്‍ വിദഗ്‌ധന്‍) , ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ (ഐഐടി മുംബൈ), ഡോ. പി. പ്രഭാകരന്‍ (അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് കൊല്ലം) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഭരണഘടനയ്ക്ക് അനുസൃതമാവാണമെന്ന് കോടതി നിരീക്ഷിച്ചു. 2019മുതലുള്ള മുഴുവൻ വിവരങ്ങളും സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വിവിധ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇസ്രായേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് സർക്കാർ ഉപയോഗിക്കുന്നു എന്നാരോപിച്ചുള്ള റിപ്പോർട്ടുകളില്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്ന് നേരത്തെ ബെഞ്ച് പറഞ്ഞിരുന്നു.
ഹർജികളിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നായിരുന്നു സെപ്റ്റംബർ 13ന് സുപ്രീം കോടതി പറഞ്ഞിരുന്നത്. എന്നാല്‍ സമിതിയില്‍ ഭാഗമാവുമെന്ന് കരുതിയ ചില വിദഗ്ധർ വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിഞ്ഞ് മാറിയതോടെ ഉത്തരവ് പുറപ്പെടുവിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സെപ്റ്റംബർ 23ന് ബെഞ്ച് വ്യക്തമാക്കി.