ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് കമ്മിഷണറുമാരെ തെരഞ്ഞെടുക്കുന്നതിന് സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി ഭരണഘടന ബെഞ്ച്. തെരഞ്ഞെടുപ്പ് കമ്മിഷണറുമാരുടെ നിയമനം പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടുന്ന സമിതിയുടെ ശുപാര്‍ശ പ്രകാരമായിരിക്കണമെന്ന് കോടതി അറിയിച്ചു. ജസ്‌റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ചില്‍ ജസ്‌റ്റിസുമാരായ അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, ഹൃഷികേഷ് റോയ്, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
എല്ലാം 'നല്ല തെരഞ്ഞെടുപ്പിന്:തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രമായിരിക്കണമെന്നും ഭരണഘടന വ്യവസ്ഥകളും കോടതി നിര്‍ദേശങ്ങളുമനുസരിച്ച് നീതിപൂര്‍വവും നിയമപരവുമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്നും ഉത്തരവ് പ്രഖ്യാപിക്കുമ്പോള്‍ ജസ്‌റ്റിസ് ജോസഫ് പറഞ്ഞു. സുസ്ഥിരവും ലിബറലുമായ ജനാധിപത്യത്തിന്‍റെ മുഖമുദ്ര മനസില്‍ ജന്മമെടുക്കണമെന്നും, ജനാധിപത്യം ജനങ്ങളുടെ ശക്തിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബാലറ്റിന്‍റെ ശക്തി പരമോന്നതമാണെന്നും ഏറ്റവും ശക്തരായ പാര്‍ട്ടികളെ പോലും പരാജയപ്പെടുത്താന്‍ കഴിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊളീജിയം വേണ്ട, സമിതി മതി: മാത്രമല്ല സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച രണ്ട് വിധികളും ഐക്യകണ്‌ഠേനയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണറുമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച്മെന്‍റ് പോലെ തന്നെയാണെന്ന് ജസ്‌റ്റിസ് അജയ് റസ്‌തോഗി പ്രത്യേക വിധിന്യായത്തില്‍ കൂട്ടിച്ചേര്‍ത്തു. 2022 നവംബര്‍ 24 ന് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും തെരഞ്ഞെടുപ്പ് കമ്മിഷണറുമാരെയും നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ തന്നെ വിധി കോടതി മാറ്റിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും തെരഞ്ഞെടുപ്പ് കമ്മിഷണറുമാരുടെയും നിലവിലെ നിയമന പ്രക്രിയ ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ പരിഗണിക്കവെ, എക്‌സിക്യൂട്ടീവിന്‍റെ തോന്നലുകള്‍ക്കും ഇഷ്‌ടങ്ങള്‍ക്കുമനുസരിച്ചാണ് നിയമനങ്ങള്‍ നടക്കുന്നതെന്നും കോടതി അറിയിച്ചു.
വിധി വന്ന വഴി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് രണ്ട് കമ്മിഷണറുമാരെയും നിയമിക്കുന്നതില്‍ സ്വതന്ത്ര കൊളീജിയമോ അല്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റിയോ രൂപീകരിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. മാത്രമല്ല സിബഐ ഡയറക്‌ടറുടെയും അല്ലെങ്കില്‍ ലോക്‌പാലിലെയും നിയമനങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് അംഗങ്ങളെ നിയമിക്കുന്നതില്‍ കേന്ദ്രം ഏകപക്ഷീയമായി ഇടപെടുകയാണെന്നും ഹര്‍ജി കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 2018 ഒക്‌ടോബര്‍ 23 ന് സുപ്രീം കോടതി പൊതുതാല്‍പര്യഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.
കയ്യടിച്ച് പ്രതിപക്ഷം: അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള നിയമനം പുതിയ സമിതിയുടെ ശുപാര്‍ശ പ്രകാരമാകണമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ സ്വാഗതം ചെയ്‌ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ട്വിറ്ററില്‍ അറിയിച്ചു. സര്‍ക്കാരിന്‍റെ സ്വാധീനത്തില്‍ നിന്നും ആശ്രിതത്വത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ വേര്‍പെടുത്തുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത സംരക്ഷിക്കുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ കൽപന നിറവേറ്റാൻ യഥാർഥത്തില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമ്മിഷന് മാത്രമേ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ് ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും നിയമിക്കുന്നതിനുള്ള ഭരണഘടന ബെഞ്ചിന്‍റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അടിച്ചമർത്തൽ ശക്തികളുടെ ദുഷ്‌പ്രവണതകൾക്കും മുകളിലായി ജനങ്ങളുടെ ഇച്ഛാശക്തി നിലനിൽക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.
ചരിത്ര വിധിക്ക് സുസ്വാഗതം:ഇനി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ആരെല്ലാം ഇരിക്കണമെന്ന് പ്രധാനമന്ത്രിയും ലോക്‌സഭാംഗവും ചീഫ് ജസ്‌റ്റിസും തീരുമാനിക്കും. പ്രധാനമന്ത്രിയുടെ റാലികളുടെയും പദ്ധതി പ്രഖ്യാപനങ്ങളുടെയും പരിഗണിച്ചുള്ള തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്ന രീതി മാറുമെന്നും ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ആം ആദ്‌മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിങ് വ്യക്തമാക്കി. അതേസമയം സുപ്രീം കോടതി വിധിയെ നാഴികക്കല്ല് എന്നായിരുന്നു ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി അറിയിച്ചത്. മുമ്പ് പ്രധാനമന്ത്രി രാഷ്‌ട്രപതിക്ക് നിര്‍ദേശിക്കുന്ന പേരുകളില്‍ നിന്നുമാറി സമിതി നിര്‍ദേശിക്കുന്ന രീതി സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പ്രതികരിച്ചു.