ന്യൂഡൽഹി :ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൽ (National Judicial Data Grid) സുപ്രീംകോടതിയെ (Supreme Court) ഔദ്യോഗികമായി ഉൾപ്പെടുത്തിയതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (Chief Justice DY Chandrachud). ജുഡീഷ്യൽ സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയുടെ 'ഓപ്പൺ ഡാറ്റ പോളിസി' പ്രകാരം കോടതി വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്. ഇത് പ്രകാരം സുപ്രീംകോടതിയിൽ തീർപ്പാക്കുന്ന എല്ലാ കേസുകളുടെ വിവരങ്ങളും എൻജെഡിജിയിൽ (NJDG) പ്രസിദ്ധപ്പെടുത്തും (Supreme Court Onboard With National Judicial Data Grid).
ഇതുവരെ രാജ്യത്തുടനീളമുള്ള വിവിധ കോടതികളിൽ തീർപ്പാക്കാത്തതും അല്ലാത്തതുമായ കേസുകളുടെ വിവരങ്ങളാണ് (case disposals and pending cases) എൻജെഡിജി പോർട്ടലിൽ ലഭ്യമായിരുന്നത്. ഇതിന് പുറമെയാണ് സുപ്രീംകോടതിയെ കൂടി ഉൾപ്പെടുത്തിയതായുള്ള പ്രഖ്യാപനം. ഇന്ന് കോടതി വാദം കേൾക്കുന്നതിന് മുൻപ് ഇതൊരു ചരിത്ര ദിനമാണെന്ന് പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് പ്രഖ്യാപനം നടത്തിയത്.
എൻജെഡിജി ഇ-കോടതിയുടെ (E-Courts Mission) പ്രധാനപ്പെട്ട പദ്ധതിയാണെന്നും ജുഡീഷ്യൽ സ്ഥാപനങ്ങളിൽ നിന്നുള്ള നിർണായക വിവരങ്ങൾ പൊതുവ്യവഹാരത്തിനായി ലഭ്യമാക്കുന്ന അദ്വിതീയവും വിജ്ഞാനപ്രദവുമായ പോർട്ടൽ ആണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ ഇൻ-ഹൗസ് ഐടി ടീമും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍ററും (National Informatics Centre) ചേർന്ന് നിയമപരമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വികസിപ്പിച്ചെടുത്തതാണ് എൻജെഡിജി പോർട്ടൽ.