തിരുവനന്തപുരം :കേരളത്തിലെ തെരുവുനായ ആക്രമണ വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് സുപ്രീം കോടതി. സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് നേരെയാണ് ഏറ്റവുമേറെ തെരുവുനായ ആക്രമണങ്ങള്‍ നടക്കുന്നതെന്ന് ബാലാവകാശ കമ്മിഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജില്ലയില്‍ തന്നെ അത്യന്തം അപകടകാരികളെന്ന് കരുതുന്ന നായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്തും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജസ്‌റ്റിസ് ജെ കെ മഹേശ്വരി, ജസ്‌റ്റിസ് കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് അടുത്ത മാസം 16 ലേക്ക് മാറ്റിയതിനാല്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം വൈകും.
അക്രമകാരികളായ നായകളെ ദയാവധം ചെയ്യണമെന്ന് അഭിഭാഷകന്‍ : അടുത്തിടെ തെരുവുനായകളുടെ ആക്രമണത്തില്‍ ഒരു കുട്ടി മരണപ്പെട്ടിരുന്നതായി കണ്ണൂര്‍ പഞ്ചായത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥ് പറഞ്ഞു. എല്ലാ നായകളെയും കൊല്ലാന്‍ അല്ല ആവശ്യപ്പെടുന്നത്. വന്ധ്യംകരണം കൊണ്ട് മാത്രം നിയന്ത്രിക്കാനാവാത്ത അക്രമകാരികളായ നായകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം നായകളെ കണ്ടെത്തി ദയാവധം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ മൃഗങ്ങളെ സ്‌നേഹിക്കുന്നു. ഞാന്‍ മനുഷ്യരെയും സ്‌നേഹിക്കുന്നു. അതിനാല്‍ തന്നെ ചില പ്രായോഗികമായ നിര്‍ദേശങ്ങള്‍ താന്‍ നല്‍കിയിട്ടുണ്ടെന്ന് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും കോടതിയെ അറിയിച്ചു.
അതേസമയം, കണ്ണൂരില്‍ ഭീതി വിതച്ച് അലഞ്ഞ് നടക്കുന്ന അപകടകാരികളായ തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രതികരണം തേടിയിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചായിരുന്നു കേരളത്തിന് നോട്ടിസ് അയച്ചിരുന്നത്. ജൂലൈ ഏഴിനകം മറുപടി നൽകാനായിരുന്നു നിർദേശം.