ന്യൂഡൽഹി : സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിക്കായുള്ള സർവേയും സാമൂഹികാഘാത പഠനവും തുടരാൻ സുപ്രീം കോടതിയുടെ അനുമതി. സിൽവർ ലൈൻ പദ്ധതിയുടെ സർവേ നടപടികൾ സ്റ്റേ ചെയ്‌ത ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കവെയാണ് സർവേ തുടരാമെന്ന് സുപ്രീം കോടതി അറിയിച്ചത്.
കെ റെയിലിനെതിരായ ഹർജികൾ ജസ്റ്റിസ് എംആർ ഷായും ബിവി നാഗരത്‌നയും അടങ്ങുന്ന ബഞ്ച് തള്ളി. ബൃഹദ് പദ്ധതിയുടെ സർവേ തടയാനാവില്ലെന്ന് പറഞ്ഞ സുപ്രീം കോടതി, സർവേയെയും കല്ലിടലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനോട് വിയോജിച്ചു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് നടപടി ശരിവയ്ക്കുകയും ചെയ്‌തു.
കല്ലിടൽ നടപടിക്രമങ്ങൾ സാമൂഹിക ആഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് മാത്രമായിരുന്നു. ഇതിൽ മുൻധാരണ എന്തിനെന്നും കോടതി ചോദിച്ചു. ഭൂനിയമപ്രകാരവും സർവേ ബോർഡ് ആക്ട് പ്രകാരവും സംസ്ഥാന സർക്കാറിന് സർവേ നടത്താൻ അനുമതിയുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ ഇടപെടാൻ സാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.