ന്യൂഡല്‍ഹി : മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി പൊതുമധ്യത്തില്‍ നടത്തിച്ച സംഭവം അത്യന്തം അലോസരപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് പരമോന്നത കോടതി വിഷയത്തില്‍ ഇടപെട്ട് നിലപാടറിയിച്ചത്. ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും മണിപ്പൂർ സർക്കാരിനോടും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമാസക്തമായ അന്തരീക്ഷത്തിൽ സ്‌ത്രീകളെ ഉപകരണമാക്കുന്നത് അസ്വീകാര്യമാണ്. ഇത് കടുത്ത ഭരണഘടനാലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണെന്നും ബെഞ്ച് പരാമര്‍ശിച്ചു.
'മണിപ്പൂരിൽ രണ്ട് സ്‌ത്രീകളെ പൊതുമധ്യത്തില്‍ നടത്തിച്ച രീതിയെക്കുറിച്ച് ഇന്നലെ പുറത്തുവന്ന വീഡിയോകളിൽ ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്' -ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവര്‍ അടങ്ങുന്ന ബെഞ്ച് പറഞ്ഞു. സർക്കാർ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 'സർക്കാരിന് പ്രവർത്തിക്കാൻ കുറച്ച് സമയം നൽകും. എന്നിട്ടും വിഷയത്തില്‍ യാതൊന്നും ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കോടതി നടപടിയെടുക്കും' -ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.