ന്യൂഡൽഹി: ഒരു സ്ത്രീ തന്‍റെ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി. അമ്മായിയമ്മയുടെ സ്ത്രീധന പീഡനത്തെ തുടർന്ന് മരുമകൾ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മദ്രാസ് ഹൈക്കോടതി അമ്മായിയമ്മക്ക് വിധിച്ച ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ, മരുമകളെ, സംരക്ഷിച്ചില്ലെങ്കിൽ അവർ കൂടുതൽ അപകടത്തിലാകുമെന്നും കോടതി പറഞ്ഞു.
ആത്മഹത്യ ചെയ്‌ത സ്ത്രീയെ ഭർത്താവും അമ്മയും സഹോദരിയും അച്ഛനും ചേർന്ന് പീഡിപ്പിക്കുന്നുവെന്ന് മരിച്ച സ്ത്രീയുടെ അമ്മ പരാതി നൽകിയിരുന്നു. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്‌തതെന്നും പരാതിയിൽ പറയുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ നാലാം പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി മറ്റ് മൂന്ന് പ്രതികളെയും ഐപിസി സെക്ഷൻ 498എ, 306 വകുപ്പുകൾ പ്രകാരം ശിക്ഷിച്ചു.
തുടർന്ന് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ ഹൈക്കോടതി ഭാഗികമായി അംഗീകരിക്കുകയും സെക്ഷൻ 306 പ്രകാരമുള്ള കുറ്റത്തിൽ എല്ലാ പ്രതികളെയും വെറുതെ വിടുകയും സെക്ഷൻ 498 എ പ്രകാരമുള്ള കുറ്റത്തിന് ഒന്നും മൂന്നും നമ്പർ പ്രതികളുടെ ശിക്ഷ മാറ്റിവയ്ക്കുകയും രണ്ടാം നമ്പർ പ്രതിയായ അമ്മായിയമ്മയുടെ ശിക്ഷ നിലനിർത്തുകയും ചെയ്‌തു.