ന്യൂഡൽഹി:രാജ്യത്തുടനീളം സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും അത് യാഥാർഥ്യമാണെന്നും സുപ്രീം കോടതി. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മണിപ്പൂരിൽ നടക്കുന്ന സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആർക്കും പൊറുക്കാന്‍ പറ്റാത്തതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മണിപ്പൂര്‍ വിഷയത്തില്‍, പശ്ചിമ ബംഗാളിലും ഛത്തീസ്‌ഗഡിലും നടന്ന സംഭവങ്ങള്‍ അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിലും ഛത്തീസ്‌ഗഡിലും റിപ്പോര്‍ട്ട് ചെയ്‌ത, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ മണിപ്പൂരിന് സമാനമാണെന്ന് അഭിഭാഷക ബൻസുരി സ്വരാജാണ് വാദിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വാദത്തിനെതിരായ നിരീക്ഷണം മുന്നോട്ടുവച്ചത്.
ALSO READ |I.N.D.I.A In Manipur| കൈത്താങ്ങേകാന്‍ ഇന്ത്യ സഖ്യം മണിപ്പൂരില്‍; 'ലക്ഷ്യം ജനങ്ങളെ കേള്‍ക്കല്‍, ആവശ്യം പാര്‍ലമെന്‍റില്‍ ഉയര്‍ത്തും'
'ഞങ്ങൾ മണിപ്പൂരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മറ്റ് കാര്യങ്ങളിലേക്ക് പിന്നീട് വരാം. രാജ്യത്തെ എല്ലാ പെൺമക്കളും സ്‌ത്രീകളും അതിക്രമത്തിന് ഇരകളാവാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മണിപ്പൂരിൽ മാത്രമല്ല രാജ്യത്തുടനീളം സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. അത് നമ്മുടെ സാമൂഹിക യാഥാർഥ്യത്തിന്‍റെ ഭാഗമാണ്.' - ചീഫ് ജസ്റ്റിസ് പറഞ്ഞു.
'മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടും ?':'മണിപ്പൂരിൽ നടന്ന വര്‍ഗീയ കലാപത്തിനിടെ സ്‌ത്രീകൾക്കെതിരായുണ്ടായ അതിക്രമങ്ങൾ മുന്‍പില്ലാത്ത വിധത്തിലാണ് കണ്ടത്. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മാപ്പ് നല്‍കാന്‍ കഴിയാത്തതാണ്. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്നത് വസ്‌തുതയാണ്. നിലവില്‍, മണിപ്പൂരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടും എന്നതാണ് ചോദ്യങ്ങൾ. അതേക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. ഇന്ത്യയിലെ എല്ലാ പെൺമക്കളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചാണോ അതോ ആരെയും സംരക്ഷിക്കരുതെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത് ?.' - അഭിഭാഷകയോട് സുപ്രീം കോടതി ചോദിച്ചു.
അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായ സ്‌ത്രീയെ നഗ്‌നയായി നടത്തിച്ചെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. 50 പേരടങ്ങുന്ന ഒരു ജനക്കൂട്ടമാണ് സ്‌ത്രീയെ നടത്തിച്ചതെന്നും ഇതില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും അഭിഭാഷക സുപ്രീം കോടതിയില്‍ പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ കോടതി ഏത് വിധത്തിലാണോ ഇടപെടുന്നത് അതിന് സമാനമായി പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, കേരളം എന്നിവിടങ്ങളിലും പിന്തുടരണമെന്ന് അഭിഭാഷക ആവശ്യപ്പെട്ടു. കേസിൽ വാദം കേൾക്കൽ പുരോഗമിക്കുകയാണ്.
മോദിക്കെതിരെ 11കാരി പരിസ്ഥിതി പ്രവര്‍ത്തക:തങ്ങള്‍ക്ക് വേണ്ടത് മന്‍ കി ബാത്തല്ല, 'മണിപ്പൂര്‍ കി ബാത്താ'ണെന്ന ആവശ്യവുമായി 11കാരിയായ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കാങ്ങൂജം (Licypriya Kangujam) രംഗത്തെത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മണിപ്പൂര്‍ സ്വദേശിനിയായ മെയ്‌തി വിഭാഗത്തില്‍പ്പെട്ട ലിസിപ്രിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്. തങ്ങൾ അക്ഷരാർഥത്തിൽ മരിച്ചുവീഴുകയാണെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും 11കാരി ആവശ്യപ്പെട്ടു.
READ MORE |'വേണ്ടത് മന്‍ കി ബാത്തല്ല, മണിപ്പൂര്‍ കി ബാത്ത്'; മോദിക്കെതിരെ മെയ്‌തി വിഭാഗത്തില്‍പ്പെട്ട 11കാരി പരിസ്ഥിതി പ്രവര്‍ത്തക
'പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി. ഞങ്ങൾക്ക് നിങ്ങളുടെ മന്‍കി ബാത്ത് കേൾക്കാൻ താത്‌പര്യമില്ല. മണിപ്പൂര്‍ കി ബാത്ത് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അക്ഷരാർഥത്തിൽ മരിച്ചുവീഴുകയാണ്. മണിപ്പൂരിൽ സംഘർഷങ്ങള്‍ നടന്നുകൊണ്ടിരിക്കവെ സംസ്ഥാനത്തെ തകർക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുന്നു. ഇതിനിടെ പ്രതിഷേധത്തിലൂടെ മണിപ്പൂര്‍ ജനതയെ ഒന്നിപ്പിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി.'- ലിസിപ്രിയ പരിഹസിച്ചു.