കേരളം

kerala

ETV Bharat / bharat

'സമൂഹ മാധ്യമ വിചാരണ ലക്ഷ്‌മണ രേഖ ലംഘിച്ചു'; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ജഡ്‌ജി

നുപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അവര്‍ക്കെതിരെ വാക്കാലുള്ള അഭിപ്രായപ്രകടനം നടത്തിയതിന് ശേഷം ജസ്റ്റിസ് പര്‍ദിവാലയും ജസ്റ്റിസ് സൂര്യകാന്തും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയരായിരുന്നു.

SC judge seeks regulatory law for social media  supreme court judge jb pardiwala nupur sharma  jb pardiwala criticizes social media trial  സമൂഹ മാധ്യമ വിചാരണ സുപ്രീം കോടതി ജഡ്‌ജി ജെ ബി പർദിവാല  ജെ ബി പർദിവാല നുപുർ ശർമ
'സമൂഹ മാധ്യമ വിചാരണ ലക്ഷ്‌മണ രേഖ ലംഘിച്ചു'; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ജഡ്‌ജി

By

Published : Jul 3, 2022, 9:49 PM IST

ന്യൂഡൽഹി: സമൂഹ മാധ്യമ വിചാരണക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ജഡ്‌ജി ജെ.ബി പർദിവാല. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണമെര്‍പ്പെടുത്തുന്നത് പാര്‍ലമെന്‍റ് പരിഗണിക്കണമെന്ന് ജസ്റ്റിസ് പർദിവാല ആവശ്യപ്പെട്ടു. സമൂഹ മാധ്യമ വിചാരണ നീതിന്യായ പ്രക്രിയയിൽ അനാവശ്യമായ ഇടപെടൽ ഉണ്ടാക്കുന്നുവെന്നും ലക്ഷ്‌മണ രേഖ ലംഘിച്ചുവെന്നും പർദിവാല പറഞ്ഞു.

മാധ്യമ വിചാരണ നിയമവാഴ്‌ചയ്ക്ക് ആരോഗ്യകരമല്ല. നിയമവാഴ്‌ച സംരക്ഷിക്കുന്നതിനായി രാജ്യത്ത് ഡിജിറ്റൽ, സോഷ്യൽ മീഡിയകൾ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. രണ്ടാം ജസ്റ്റിസ് എച്ച്.ആർ. ഖന്ന മെമ്മോറിയൽ ദേശീയ സിമ്പോസിയത്തിൽ "വോക്‌സ് പോപ്പുലി വേഴ്‌സസ് റൂൾ ഓഫ് ലോ: സുപ്രീം കോടതി ഓഫ് ഇന്ത്യ" എന്ന വിഷയത്തിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പരാമർശം.

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് മുന്‍ ബിജെപി വക്താവ് നുപുര്‍ ശർമയെ കടുത്ത ഭാഷയില്‍ വിമർശിച്ച സുപ്രീം കോടതി ബെഞ്ചില്‍ അംഗമാണ് ജസ്റ്റിസ് ജെ.ബി പര്‍ദിവാല. വിചാരണകൾ കോടതികൾ നടത്തേണ്ട പ്രക്രിയയാണ്. എന്നാൽ ആധുനിക കാലത്ത് സമൂഹ മാധ്യമങ്ങളുടെ വിചാരണ നീതിന്യായ പ്രക്രിയയിൽ അനാവശ്യ ഇടപെടലാണ് ഉണ്ടാക്കുന്നത്. ഒരു വിഭാഗം ആളുകൾ അർദ്ധസത്യങ്ങൾ പ്രചരിപ്പിക്കുന്നത് നീതി നടപ്പാക്കുന്നതിനുള്ള വെല്ലുവിളിയാണ്.

സമൂഹ മാധ്യമങ്ങൾ ഇക്കാലത്ത് ജഡ്‌ജിമാരുടെ വിധിന്യായങ്ങളെ ക്രിയാത്മകമായും വിമർശനാത്മകമായും വിലയിരുത്തുന്നതിന് പകരം വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയാണ്. ഭരണഘടനാപരമായ കോടതികൾ മാന്യമായ വിമർശനങ്ങൾ മാന്യമായി സ്വീകരിച്ചിട്ടുണ്ട്. വിധിന്യായങ്ങളുടെ പേരില്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ അപകടകരമായ സാഹചര്യമാണെന്നും ജസ്റ്റിസ് ജെ.ബി പര്‍ദിവാല പറഞ്ഞു.

ഇന്ത്യയെ ഇപ്പോഴും സമ്പൂർണവും പക്വതയുള്ളതുമായ ജനാധിപത്യമായി തരംതിരിക്കാൻ കഴിയില്ല. നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ സമൂഹ, ഡിജിറ്റൽ മാധ്യമങ്ങളെ പതിവായി ഉപയോഗിക്കുന്നുണ്ട്. അയോധ്യ ഭൂമി തർക്കക്കേസ് വിധിയോട് അടുക്കുമ്പോൾ രാഷ്‌ട്രീയ പ്രേരണകൾ ഉണ്ടായിട്ടുണ്ടെന്നും പർദിവാല പറഞ്ഞു.

താൻ നിയമവാഴ്‌ചയിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണെന്നും കോടതി വിധികളിൽ പൊതുജനാഭിപ്രായത്തിന് സ്വാധീനമില്ലെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു. നുപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അവര്‍ക്കെതിരെ വാക്കാലുള്ള അഭിപ്രായപ്രകടനം നടത്തിയതിന് ശേഷം ജസ്റ്റിസ് പര്‍ദിവാലയും ജസ്റ്റിസ് സൂര്യകാന്തും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയരായിരുന്നു.

രാജ്യത്തുടനീളം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള എല്ലാ എഫ്ഐആറുകളും ഒരുമിച്ച് ചേര്‍ത്ത് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നുപുര്‍ ശർമ സുപ്രീം കോടതിയെ സമീപിച്ചത്. താനും കുടുംബവും സുരക്ഷ ഭീഷണി നേരിടുന്നുണ്ടെന്നും അവര്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാൽ എന്തുകൊണ്ടാണ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാത്തതെന്നും 'രാജ്യത്തുടനീളം വികാരങ്ങള്‍ ആളിക്കത്തിച്ചതിന്' അവര്‍ ഉത്തരവാദിയാണെന്നും നിരീക്ഷണങ്ങളില്‍ ജഡ്‌ജിമാര്‍ ചോദ്യം ചെയ്‌തിരുന്നു. സുരക്ഷ ഭീഷണിയുണ്ടെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ തന്നെ ഒരു സുരക്ഷ പ്രശ്‌നമാണോ എന്നാണ് സംശയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

നുപുറിനെ അറസ്റ്റ് ചെയ്യാത്തത് അവരുടെ രാഷ്ട്രീയ സ്വാധീനത്തിന്‍റെ തെളിവാണ്. കീഴ്‌ക്കോടതികളെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയില്‍ എത്തിയത് അവരുടെ ധാര്‍ഷ്ട്യത്തിന്‍റെ തെളിവാണെന്നും പിന്തുണയ്ക്കാന്‍ ആള്‍ക്കാരുണ്ടെന്ന അഹങ്കാരത്തിലാണ് അവര്‍ ഇങ്ങനയൊക്കെ പറയുന്നതെന്നും കോടതി വിമർശിച്ചിരുന്നു. തുടർന്ന് നുപുർ ശർമയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ഹർജി പിൻവലിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details