ന്യൂഡല്‍ഹി: ഷീന ബോറ കൊലക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി ഇന്ദ്രാണി മുഖർജിക്ക് ജാമ്യം അനുവദിച്ചത്. 2015ല്‍ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ 6.5 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഇന്ദ്രാണി മുഖര്‍ജി.
മുംബൈയിലെ ബൈകുള വനിത ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖർജിയയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരായി. നേരത്തെ പലവട്ടം ജാമ്യത്തിന് വേണ്ടി അപേക്ഷ നല്‍കിയെങ്കിലും സിബിഐ പ്രത്യേക കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ഇന്ദ്രാണി മുഖര്‍ജി സുപ്രീം കോടതിയില്‍ ജാമ്യപേക്ഷ സമർപ്പിച്ചത്.
കൊലപാതകം ചുരുളഴിയുന്നത് 3 വര്‍ഷത്തിന് ശേഷം: 2012 ഏപ്രിലിലാണ് ഷീന ബോറ കൊല്ലപ്പെടുന്നത്. ഷീന ബോറയെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മറ്റൊരു കേസില്‍ 2015 ഓഗസ്റ്റില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറർ ശ്യാംവര്‍ റായിയുടെ അറസ്റ്റിന് പിന്നാലെയാണ് കൊലപാതകം ചുരുളഴിയുന്നത്.
പൊലീസ് ചോദ്യം ചെയ്യലില്‍ ഷീന ബോറയെ 2012 ഏപ്രിലില്‍ കൊലപ്പെടുത്തിയെന്നും മഹാരാഷ്‌ട്രയിലെ റായിഗഡില്‍ മൃതദേഹം ഉപേക്ഷിച്ചുവെന്നും ശ്യാംവര്‍ റായി കുറ്റം സമ്മതിച്ചു. ഷീന ബോറയെ കാറിനുള്ളിൽ വച്ച് അമ്മ ഇന്ദ്രാണി മുഖര്‍ജി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന കൊലയില്‍ പങ്കാളിയായിരുന്നുവെന്നും ശ്യാംവര്‍ റായി പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് മുംബൈക്ക് സമീപമുള്ള വനത്തിൽ നിന്ന് പാതി കത്തിയ നിലയിലുള്ള ഷീന ബോറയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.
കൊലയ്ക്ക് കാരണം മകളുടെ പ്രണയബന്ധം: ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ സഹോദരിയെന്നാണ് ഇന്ദ്രാണി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ഷീന ബോറയും ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകന്‍ രാഹുല്‍ മുഖര്‍ജിയുമായുള്ള ബന്ധത്തിലുണ്ടായ എതിര്‍പ്പാണ് കൊലയ്ക്ക് കാരണമായതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 2012ല്‍ കാണാതായ ഷീന അമേരിക്കയിലേക്ക് താമസം മാറിയെന്നാണ് ഇന്ദ്രാണി മറ്റുള്ളവരോട് പറഞ്ഞത്.
കേസ് ആദ്യം അന്വേഷിച്ചിരുന്നത് മുംബൈ പൊലീസാണ്. പിന്നീട് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. 2017ൽ ആരംഭിച്ച വിചാരണയിൽ 60 സാക്ഷികൾ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ഷീന ബോറ ശ്രീനഗറിൽ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശവാദം ഉന്നയിച്ച് ഇന്ദ്രാണി മുഖർജി സിബിഐക്ക് കത്തയച്ചെങ്കിലും അന്വേഷണ സംഘം ഇത് തള്ളുകയായിരുന്നു.
Read more:ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന് ഇന്ദ്രാണി മുഖർജി; അവകാശവാദം സിബിഐക്ക് അയച്ച കത്തിൽ