ന്യൂഡൽഹി :മാധ്യമ പ്രവർത്തകനും ഫാക്‌ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്‍റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. യുപി പൊലീസ് രജിസ്റ്റർ ചെയ്‌ത എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ ഇന്നലെ(20.07.2022) മുഹമ്മദ് സുബൈർ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ചാണ് സുബൈറിന് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്‍റെ അധികാരം മിതമായി പ്രയോഗിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. സുബൈറിനെതിരായ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റുകയും ചെയ്‌തു. സുബൈറിനെതിരായ കേസുകൾ അന്വേഷിക്കാൻ യുപി പൊലീസ് രൂപീകരിച്ച പ്രത്യേക സംഘത്തെ (എസ്ഐടി) സുപ്രീംകോടതി പിരിച്ചുവിട്ടു.
സുബൈർ ട്വീറ്റ് ചെയ്യുന്നത് വിലക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യം കോടതി തള്ളി. ഒരു മാധ്യമപ്രവർത്തകനോട് എഴുതരുതെന്ന് പറയാൻ കഴിയില്ല, നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ തന്‍റെ വ്യക്തിസ്വാതന്ത്ര്യം പൂർണമായും ഹനിക്കപ്പെട്ടിരിക്കുന്നുവെന്നും യുപിയിലെ ആറ് എഫ്‌ഐആറുകൾ റദ്ദാക്കണമെന്നും അല്ലെങ്കിൽ ഡൽഹിയിലെ കേസുമായി എല്ലാം ചേർക്കണമെന്നുമായിരുന്നു സുബൈർ സമർപ്പിച്ച ഹർജി.
മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് നാല് വർഷം മുൻപുള്ള ട്വീറ്റുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് സുബൈറിനെ ജൂൺ 27ന് അറസ്റ്റ് ചെയ്‌തത്. തുടർന്ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ സിതാപുരിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഹിന്ദു സന്യാസിമാരെ വിദ്വേഷം വളർത്തുന്നവർ എന്ന് ആരോപിച്ചായിരുന്നു ട്വീറ്റ്.