ന്യൂഡൽഹി :മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ദേശീയ ഡാം സുരക്ഷ അതോറിറ്റി പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള മേൽനോട്ട സമിതിക്ക് പ്രവർത്തനം തുടരാൻ അനുമതി നൽകി സുപ്രീംകോടതി ഉത്തരവ്. ഇതോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി പ്രാബല്യത്തിൽ വരുന്നതുവരെയുള്ള അണക്കെട്ട് സുരക്ഷയുടെ എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിയുടെ കീഴിലാകും. പുതിയ സുരക്ഷാ പരിശോധനയും നടത്താം.
മേൽനോട്ട സമിതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അണക്കെട്ട് സുരക്ഷയുടെ അധികാരങ്ങൾ സമിതിയുടെ പരിധിയിൽ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാദത്തിനിടെ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു.
മേൽനോട്ട സമിതി മികച്ചതെന്ന് കോടതി :മേൽനോട്ട സമിതിയുടെ പ്രവർത്തനത്തെ അംഗീകരിച്ച കോടതി, നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഓരോ സാങ്കേതിക വിദഗ്‌ധരെ കൂടി ഉൾപ്പെടുത്തി സമിതി വിപുലീകരിക്കുമെന്നും വെള്ളിയാഴ്‌ച (08.04.2022) പുറപ്പെടുവിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.
READ MORE: മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്തൽ : സുപ്രീംകോടതി ഉത്തരവ് നാളെ
മേൽനോട്ട സമിതിയുടെ തീരുമാനങ്ങളും ശുപാർശകളും ഇരു സംസ്ഥാനങ്ങളും കൃത്യമായി പാലിക്കണം. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ ചുമതലയാണ്. സമിതിയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കോടതിയലക്ഷ്യത്തിനും അച്ചടക്ക നടപടിക്കും കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങൾക്കും പരാതികളറിയിക്കാം :നാട്ടുകാർക്കും അണക്കെട്ട് സുരക്ഷാ പ്രശ്‌നങ്ങളെ സംബന്ധിച്ച് പരാതികളും നിർദേശങ്ങളുമുണ്ടെങ്കിൽ സമിതിയെ അറിയിക്കാവുന്നതാണ്. ഈ അപേക്ഷകൾ സമിതി സ്വീകരിച്ച് സമയബന്ധിതമായി പരിഹരിക്കണമെന്ന് കോടതി വ്യക്തമാക്കി. ദേശീയ ഡാം സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തനക്ഷമമാകണമെന്ന് നിർദേശിച്ച കോടതി, നിലവിൽ പാസാക്കിയത് ഒരു ഇടക്കാല ഉത്തരവ് മാത്രമാണെന്നും, കൂടുതൽ സംഘർഷമുണ്ടായാൽ കോടതിയെ സമീപിക്കാൻ സംസ്ഥാനങ്ങൾക്ക് പൂർണസ്വാതന്ത്ര്യമുണ്ടെന്നും ഓർമിപ്പിച്ചു.
അണക്കെട്ടിന്‍റെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിവിധ കക്ഷികൾ സമർപ്പിച്ച റിട്ട് ഹർജികളിൽ ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, എ.എസ് ഓക, സി.ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ മേൽനോട്ട സമിതിയുടെ ചെയർമാനെ മാറ്റണമെന്ന കേരളത്തിന്‍റെ ആവശ്യം വ്യാഴാഴ്‌ച ബഞ്ച് തള്ളിയിരുന്നു.
നിലവിലെ സമിതിയുടെ ഘടന മാറ്റുന്നതിന് ബഞ്ച് എതിരായിരുന്നു. ദേശീയ ഡാം സുരക്ഷ അതോറിറ്റി പൂർണതോതിൽ സജ്ജമാകുന്നതുവരെ, 2021ലെ ഡാം സുരക്ഷ നിയമപ്രകാരം അണക്കെട്ട് സുരക്ഷ സംബന്ധിച്ച അധികാരങ്ങൾ നൽകി മേൽനോട്ട സമിതിയുടെ പ്രവർത്തനം തുടരാൻ അനുവദിക്കുമെന്ന് ബഞ്ച് അറിയിക്കുകയായിരുന്നു.