ന്യൂഡല്‍ഹി :ജുഡീഷ്യല്‍ നടപടികളില്‍ ലിംഗാവബോധം ഉറപ്പാക്കാന്‍ സുപ്രധാന നീക്കമായി ഹാന്‍ഡ്ബുക്ക് പുറത്തിറക്കി സുപ്രീംകോടതി. ലിംഗ സംബന്ധിയായ മുന്‍വിധികള്‍, വിവേചനം പ്രതിഫലിപ്പിക്കുന്ന പ്രയോഗങ്ങള്‍ എന്നിവ കോടതി രേഖകളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ജഡ്‌ജിമാര്‍ ഉത്തരവുകളിലും, വിധിപ്രസ്താവങ്ങളിലും പരാമര്‍ശങ്ങളിലും ഒഴിവാക്കേണ്ടുന്ന ലിംഗ വിവേചനപരമായ വാക്കുകള്‍, വാക്യങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയുടെ പട്ടികയാണ് കൈപ്പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ലിംഗസംബന്ധിയായ വാര്‍പ്പുമാതൃകകള്‍ തകര്‍ക്കുന്നതിനുള്ള കൈപ്പുസ്തകത്തിന്‍റെ പ്രകാശനവേളയില്‍ ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, മുന്‍കാല കോടതി വിധികളില്‍ സ്‌ത്രീ വിരുദ്ധമായി പ്രയോഗിക്കപ്പെട്ട നിന്ദ്യമായ നിരവധി വാക്കുകള്‍ ചൂണ്ടിക്കാണിച്ചു.
ഹാന്‍ഡ്‌ബുക്ക് എന്തിന് : സ്‌ത്രീകളെ പരാമര്‍ശിക്കാന്‍ ലിംഗനീതിക്ക് വിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കല്‍, ലിംഗസംബന്ധിയായ വാര്‍പ്പുമാതൃകകള്‍ക്കെതിരെ ബോധവത്കരണം എന്നിവയാണ് കൈപ്പുസ്‌തകത്തിന്‍റെ ലക്ഷ്യമെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. ഇത് സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. മുമ്പുണ്ടായ വിധി പ്രസ്‌താവങ്ങളെ വിമര്‍ശിക്കാനോ അത് സംശയകരമാണെന്ന് കാണിക്കാനോ അല്ല കൈപ്പുസ്തകമെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.
ആമുഖത്തില്‍ എല്ലാം പറഞ്ഞ് ചീഫ് ജസ്‌റ്റിസ്:ചുമതലകൾ ഭയമോ പ്രത്യേക പ്രീതിയോ ഇഷ്‌ടാനിഷ്‌ടങ്ങളോ കൂടാതെ നിർവഹിക്കും എന്നതാണ് ജഡ്ജിമാർ എന്ന നിലയിലുള്ള ഞങ്ങളുടെ പ്രതിജ്ഞ. മുന്നിലെത്തുന്ന എല്ലാ കേസുകളിലും നിയമം അനുശാസിക്കുന്ന നിഷ്പക്ഷതയോടും വസ്‌തുനിഷ്‌ഠതയോടും കൂടി പ്രവർത്തനങ്ങൾ നിർവഹിക്കണമെന്നാണ് ഈ പ്രതിജ്ഞ ആവശ്യപ്പെടുന്നതെന്നും കൈപ്പുസ്‌തകത്തിന്‍റെ ആമുഖത്തില്‍ ചീഫ് ജസ്‌റ്റിസ് കുറിച്ചു.
തീരുമാനങ്ങളെടുക്കുമ്പോള്‍ സ്വാധീനിക്കപ്പെടുന്ന അനുചിതമായ കാര്യങ്ങള്‍ നിരസിക്കാനാണ് ഒരു ജഡ്‌ജിയുടെ പ്രതിജ്ഞയില്‍ പറയുന്നത്. മാത്രമല്ല, കോടതിക്ക് മുന്നിലെത്തുന്ന കക്ഷികളെ കുറിച്ചുള്ള മുന്‍ധാരണകള്‍ ജഡ്‌ജി മാറ്റിവയ്‌ക്കണമെന്നും പ്രതിജ്ഞയിലുണ്ട്. ലിംഗ നീതിയില്ലാത്ത പദങ്ങളുടെ ഒരു നിഘണ്ടുവാണ് ഈ കൈപ്പുസ്‌തകം. ഇതില്‍, ഹർജികളിലും ഉത്തരവുകളിലും വിധിന്യായങ്ങളിലും ഉപയോഗിക്കാവുന്ന പകരം വാക്കുകളും വാക്യങ്ങളും നിർദേശിക്കുന്നുണ്ട് - ചീഫ് ജസ്‌റ്റിസ് കൂട്ടിച്ചേര്‍ത്തു.