ന്യൂഡൽഹി:ഭർത്തൃവീട്ടുകാർ വീട് പണിയാൻ പണം ആവശ്യപ്പെടുന്നതുൾപ്പെടെ സ്ത്രീധനത്തിന്‍റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി. മധ്യപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഗർഭിണി തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരായ കേസ് പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച്.
വീട് പണിയാൻ പണം ആവശ്യപ്പെട്ടുള്ള ഭർത്താവിന്‍റെയും വീട്ടുകാരുടെയും നിരന്തരമായ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്‌തത്. എന്നാൽ വീട് പണിയുന്നതിനായി ആത്മഹത്യ ചെയ്‌ത സ്ത്രീ സ്വമേധയാ കുടുംബാംഗങ്ങളോട് പണം ആവശ്യപ്പെടുകയായിരുന്നുവെന്നും അതിനാൽ അതിനെ സ്ത്രീധനമായി കണക്കാക്കാനാകില്ലെന്നുമായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി.
എന്നാൽ പ്രതികൾ യുവതിയെ നിരന്തരം പീഡിപ്പിക്കുകയും വീട് പണിയാനുള്ള പണം യുവതിയുടെ വീട്ടുകാരോട് ആവശ്യപ്പെടാൻ പറയുകയും ചെയ്‌തുവെന്നും ഭർത്തൃ വീട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് മാത്രമാണ് യുവതി വീട് വയ്ക്കാൻ പണം ആവശ്യപ്പെടാൻ നിർബന്ധിതയായതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് ഒരു കൂട്ടുകെട്ടിന്‍റെ കേസല്ല, മറിച്ച് അത്തരമൊരു സാഹചര്യത്തിൽ യുവതി നേരിട്ട നിസ്സഹായതയുടെ കേസായിരുന്നുവെന്നും വിധി പ്രസ്‌താവത്തിനിടെ കോടതി വ്യക്തമാക്കി.