ന്യൂഡല്‍ഹി :ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലെ സംവരണ തസ്‌തികകള്‍ ഏതൊക്കെയെന്ന് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വേഗം പൂര്‍ത്തീകരിക്കാന്‍ സുപ്രീംകോടതി കേരളത്തിന് നിര്‍ദേശം നല്‍കി. നടപടിയുടെ തല്‍സ്ഥിതി വിവരം ഈ വര്‍ഷം ജൂലായ് രണ്ടാംവാരത്തിനുള്ളില്‍ നല്‍കാനും ജസ്റ്റിസുമാരായ എല്‍.എന്‍ റാവു, ബി.ആര്‍ ഗവായി, എസ്.ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് കേരള സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്ഥാനക്കയറ്റ സംവരണം ; നടപടികള്‍ വേഗത്തിലാക്കണമെന്ന് കേരളത്തോട് സുപ്രീംകോടതി - സുപ്രീം കോടതി കേരള സര്‍ക്കാറിന് സ്ഥാനകയറ്റത്തിലെ സംവരണത്തില്‍ നല്‍കിയ ഉത്തരവ്
സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള തസ്‌തികകള്‍ ഏതൊക്കെയെന്ന് കണ്ടെത്തുന്ന നടപടികള്‍ വേഗം പൂര്‍ത്തീകരിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം
കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണത്തിനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ കേരള സര്‍ക്കാര്‍ സംവരണം നല്‍കിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കുന്നതിനുള്ള തസ്‌തികകള്‍ ഏതൊക്കെയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നാണ് എതിര്‍ സത്യവാങ്മൂലത്തില്‍ കേരള സര്‍ക്കാര്‍ വ്യക്‌തമാക്കിയത്. 380 പോസ്റ്റുകള്‍ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
TAGGED:
sc direction to kerala