ന്യൂഡല്‍ഹി:വിദ്വേഷ പരാമര്‍ശങ്ങളില്‍ മുഖംനോക്കാതെ നടപടി വേണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ച് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങളും പരാമര്‍ശങ്ങളും നടത്തുന്നവർക്കെതിരെ പരാതിയൊന്നും ലഭിച്ചില്ലെങ്കിലും കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന് ജസ്‌റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും ഉള്‍പ്പെടുന്ന ബഞ്ചാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കാൻ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ ഷഹീൻ അബ്‌ദുള്ള നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
വിദ്വേഷം ചെറിയ കുറ്റമല്ല: 2022 ഒക്‌ടോബർ 21ലെ സുപ്രീം കോടതിയുടെ തന്നെ ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും വിപുലീകരിച്ചുകൊണ്ടായിരുന്നു ബഞ്ചിന്‍റെ നിര്‍ദേശം. വിദ്വേഷ പരാമര്‍ശങ്ങളെ 'രാജ്യത്തിന്‍റെ മതേതര ഘടനയെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യം' എന്ന് വിശേഷിപ്പിച്ച കോടതി, ഉത്തരവ് മതം നോക്കാതെ ബാധകമാക്കുമെന്നും കേസുകൾ രജിസ്‌റ്റർ ചെയ്യുന്നതിലെ കാലതാമസം കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും മുന്നറിപ്പും നല്‍കി.
മതത്തിന്‍റെ പേരില്‍ നമ്മള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നും നമ്മൾ മതത്തെ ചുരുക്കി എന്നത് യഥാർത്ഥത്തിൽ ദാരുണമാണെന്നും ഉത്തരവിനിടെ കോടതി പരാമര്‍ശിച്ചു. മാത്രമല്ല ഇത് മതനിരപേക്ഷത മുന്നോട്ടുവയ്‌ക്കുന്ന ഒരു രാജ്യമാണെന്നും ഇന്ത്യൻ ഭരണഘടന ഒരു മതേതര രാഷ്‌ട്രമാണ് വിഭാവനം ചെയ്യുന്നതെന്നും മനസിലാക്കി ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളോട് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനും ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചു.
അലംഭാവം വേണ്ടെന്ന് വ്യക്തമാക്കി:ജഡ്‌ജിമാർ രാഷ്‌ട്രീയത്തില്‍ നിഷ്‌പക്ഷത പുലര്‍ത്തുന്നവരാണ്. പാർട്ടി എ അല്ലെങ്കിൽ പാർട്ടി ബിയെക്കുറിച്ച് ആശങ്കപ്പെടുന്നുമില്ല. അവരുടെ മനസില്‍ ആകെയുള്ളത് ഇന്ത്യൻ ഭരണഘടനയാണെന്നും കോടതി അറിയിച്ചു. പൊതുനന്മയ്‌ക്കും നിയമവാഴ്‌ച സ്ഥാപിക്കുന്നതിനുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജികൾ കോടതി പരിഗണിക്കുന്നുണ്ടെന്നും ബഞ്ച് വ്യക്തമാക്കി. ഇത്തരം അതീവ ഗുരുതരമായ വിഷയങ്ങളില്‍ നടപടിയെടുക്കുന്നതിൽ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും കാലതാമസമുണ്ടായാൽ അത് കോടതിയലക്ഷ്യത്തിന് കാരണമാകുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
മുമ്പ് മാധ്യമങ്ങള്‍ക്കും വിമര്‍ശനം:സമാന വിഷയത്തില്‍ മുമ്പ് ടെലിവിഷന്‍ മാധ്യമങ്ങള്‍ക്കെതിരെയും സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ടെലിവിഷന്‍ മാധ്യമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സംഭവങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നു എന്ന് ജസ്റ്റിസ് കെഎം ജോസഫും ജസ്‌റ്റിസ് ബിവി നാഗരതയും അടങ്ങിയ ബഞ്ചാണ് കുറ്റപ്പെടുത്തിയത്. ധരം സന്‍സദുകളില്‍ ഉണ്ടായ വിദ്വേഷ പ്രസംഗങ്ങള്‍, തബ്ലീഗി ജമാഅത്തിനെതിരായ വിദ്വേഷ പ്രചരണങ്ങള്‍ എന്നിവയടക്കം ചൂണ്ടിക്കാട്ടി വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഈ വിമര്‍ശനം.
മനസില്‍ തോന്നുന്നതെന്തും വിളിച്ച് പറയാനുള്ള അവകാശം തങ്ങള്‍ക്കില്ലെന്ന് മാധ്യമങ്ങള്‍ മനസിലാക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉത്തരവാദിത്താല്‍ അധിഷ്‌ഠിതമാണെന്നും കോടതി അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഒരു അജണ്ടവച്ചാണ് നിങ്ങള്‍ കൈയാളുന്നതെങ്കില്‍ നിങ്ങള്‍ ജനങ്ങളെയല്ല സേവിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.