ന്യൂഡൽഹി: രാജ്യത്ത് ലക്ഷക്കണക്കിന് അനാഥ കുട്ടികൾ ദത്തെടുക്കൽ പ്രക്രിയയുടെ ഭാഗമാകാൻ കാത്തിരിക്കുമ്പോഴും സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി (CARA) യുടെ കീഴിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ മൂന്ന് മുതൽ നാല് വർഷം വരെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് സുപ്രീം കോടതി. അതിനാൽ ഇന്ത്യയിലെ കുട്ടികളുടെ ദത്തെടുക്കൽ പ്രക്രിയ ലളിതമാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.
ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ധാരാളം യുവദമ്പതികൾ കാത്തിരിക്കുന്നു, എന്നാൽ ഈ പ്രക്രിയ വളരെ മടുപ്പിക്കുന്നതാണ്. സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി മുഖേന ഒരൊറ്റ കുട്ടിയെ ദത്തെടുക്കാൻ മൂന്ന് മുതൽ നാല് വരെ വർഷം എടുക്കും. ഇന്ത്യയിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ നിങ്ങൾക്ക് മൂന്ന്- നാല് വർഷത്തെ കാലയളവ് സങ്കൽപ്പിക്കാമോ? ഇത് ലളിതമാക്കണം. ദത്തെടുക്കാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് അനാഥരായ കുട്ടികൾ ഉണ്ട്. കോടതി വ്യക്‌തമാക്കി.
ദത്തെടുക്കൽ ലളിതമാക്കണം: രാജ്യത്തെ കുട്ടികളുടെ ദത്തെടുക്കൽ പ്രക്രിയ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് ദ ടെംപിൾ ഓഫ് ഹീലിംഗ് എന്ന എൻജിഒ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. അതേസമയം ഹർജിയിൽ മറുപടി നൽകാൻ സർക്കാർ ആറാഴ്‌ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് പറഞ്ഞു. ശിശുവികസന മന്ത്രാലയം ഹർജിക്കാരായ എൻജിഒയുടെ നിർദ്ദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.