ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ കേള്‍ക്കാമെന്നറിയിച്ച് സുപ്രീംകോടതി. ഡോക്യുമെന്‍ററി തടഞ്ഞത് ചോദ്യം ചെയ്‌തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ ദ്രുതഗതിയില്‍ പട്ടികപ്പെടുത്തി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ സി.യു സിങിന്‍റെ സബ്‌മിഷനായിരുന്നു ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്‍റെ മറുപടി. അതേസമയം ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയായ ബിബിസി പുറത്തുവിട്ട 'ഇന്ത്യ-ദ മോദി ക്വസ്‌റ്റ്യന്‍' എന്ന ഡോക്യുമെന്‍ററിയെ ജനുവരി 21 ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്‌തു ഇതുവരെ നിരവധി പൊതുതാല്‍പര്യഹര്‍ജികളാണ് കോടതിയിലെത്തിയിട്ടുള്ളത്.
വൈകാതെ 'കേള്‍ക്കാം'; ബിബിസി ഡോക്യുമെന്‍ററി തടഞ്ഞ കേന്ദ്ര നടപടിയെ ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ കേള്‍ക്കാമെന്നറിയിച്ച് സുപ്രീംകോടതി - ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ് കമ്പനി
2002 ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ബിബിസി പുറത്തുവിട്ട 'ഇന്ത്യ-ദ മോദി ക്വസ്‌റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ കേള്‍ക്കാമെന്നറിയിച്ച് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ഉള്‍പ്പെട്ട ബെഞ്ച്
ഡോക്യുമെന്‍ററിയിലെ കേന്ദ്ര നടപടി ചോദ്യം ചെയ്‌ത് അഭിഭാഷകനായ ശര്‍മ നല്‍കിയ ഹര്‍ജിയെക്കുറിച്ചുള്ള ചോദ്യത്തിന് അത് തിങ്കളാഴ്‌ച തന്നെ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ചീഫ് ജസ്‌റ്റിസിന്‍റെ മറുപടി. ഇതുകൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍.റാം, അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയെക്കുറിച്ചും അഭിഭാഷകന്‍ സി.യു സിങ് സബ്‌മിഷനില്‍ ആരാഞ്ഞിരുന്നു. മാത്രമല്ല എന്‍. റാമിന്‍റെയും പ്രശാന്ത ഭൂഷണിന്‍റെയും ട്വീറ്റുകള്‍ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് നീക്കിയതും സി.യു സിങ് ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ ഹര്‍ജികളും പട്ടികപ്പെടുത്താമെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.
നടപടി തേടി കോടതിയില്‍:അതേസമയം ബിബിസി ഡോക്യുമെന്‍ററിയെ നിരോധിച്ച കേന്ദസര്‍ക്കാരിന്‍റെ നിലപാട് 'ദുഷിച്ചതും, ഏകപക്ഷീയവും, ഭരണഘടനാ വിരുദ്ധവുമാണെന്ന്' കാണിച്ചായിരുന്നു അഭിഭാഷകനായ ശര്‍മ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മാത്രമല്ല ബിബിസി ഡോക്യുമെന്‍ററി പരമോന്നത നീതിപീഠം പരിശോധിക്കണമെന്നും, ഇതിലെ ഒന്നും രണ്ടും ഭാഗങ്ങളിലായി ഗുജറാത്ത് കലാപത്തില്‍ നേരിട്ടും അല്ലാതെയും കാരണക്കാരായ ആളുകള്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.