ന്യൂഡൽഹി:പ്രീ സ്കൂളുകൾ, അംഗൻവാടികൾ എന്നിവിടുങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ പദ്ധതിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ് ബോർഡ് (സിബിഐസി) അറിയിച്ചു.
ചരക്ക് സേവന നികുതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനത്തിൽ ഭക്ഷണം നൽകുന്ന ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടെയുള്ള സേവനത്തെ നികുതി ചുമത്തലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിജ്ഞാപനത്തിൽ നിർവചിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അംഗൻവാടികളും, പ്രീസ്കൂളുകളും ഉൾപ്പെടും. അതിനാൽ, സർക്കാർ സംഭാവന ചെയ്തതായാലും കോർപ്പറേറ്റുകളിൽ നിന്നുള്ള സംഭാവന വഴിയായാലും അംഗൻവാടിക്കും, പ്രീസ്കൂളിനും ഭക്ഷണം നൽകുന്നതും ഈ ഇളവുകളുടെ പരിധിയിൽ വരുമെന്ന് കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ് ബോർഡ് പറഞ്ഞു.