ഭോപ്പാൽ:ബോളിവുഡ് നടി സണ്ണി ലിയോണിന്‍റെ പുതിയ ഐറ്റം ഡാൻസ് മ്യൂസിക് വീഡിയോ നീക്കം ചെയ്യണമെന്ന് ശാസനം നൽകി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര. "മധുബൻ മേ രാധിക നാച്ചേ" എന്ന ഗാനത്തിനൊപ്പമുള്ള ഐറ്റം ഡാൻസ് വീഡിയോ നീക്കം ചെയ്യണമെന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
വീഡിയോ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് മന്ത്രിയുടെ ആരോപണം. ഹിന്ദുക്കൾ രാധയെ ആരാധിക്കുന്നുവെന്നും ഗാനം ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മധ്യപ്രദേശ് സർക്കാർ വക്താവ് കൂടിയായ മിശ്ര പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ വീഡിയോ നീക്കം ചെയ്യണമെന്നും മാപ്പ് പറയണമെന്നുമാണ് മിശ്രയുടെ അന്ത്യശാസനം. അല്ലെങ്കിൽ നിയമവിദഗ്ധന്റെ ഉപദേശം സ്വീകരിക്കുമെന്നും സണ്ണി ലിയോണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സണ്ണി ലിയോണിന്‍റെ ഏറ്റവും പുതിയ ഐറ്റം ഡാൻസിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സണ്ണി ലിയോണിന്‍റെ നൃത്തം അശ്ലീലമാണെന്നും അത് നീക്കം ചെയ്യണമെന്നും മഥുരയിലെ സന്യാസിമാരും ആവശ്യപ്പെട്ടിരുന്നു.