ലണ്ടൻ:മുംബൈയിലെ ജുഹുവിലുളള ബംഗ്ലാവിലെ ലേല നടപടികളിൽ നിന്നും ബാങ്ക് ഓഫ് ബറോഡ (Bank of Baroda) പിന്മാറിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോൾ (Sunny Deol). ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളായതിനാൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് താരം പറഞ്ഞു.
"ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. മെയിൻ കുച്ച് ഭി ബൊലുംഗ. ലോഗ് ഗലത് മത്‌ലബ് നികലേംഗേ (ഞാൻ എന്ത് പറഞ്ഞാലും ആളുകൾ തെറ്റായി വ്യാഖ്യാനിക്കും)" എന്ന് സണ്ണി ഡിയോൾ വ്യക്തമാക്കി.
സണ്ണി ഡിയോളിന്‍റെ ബംഗ്ലാവ് സർക്കാർ ഉടമസ്ഥതയിലുളള ബാങ്ക് ഓഫ് ബറോഡ ലേലത്തിന് വച്ചിട്ടുണ്ടായിരുന്നു. സണ്ണിക്ക് നൽകിയിരുന്ന 56 കോടി രൂപയുടെ വായ്‌പ തിരിച്ചു പിടിക്കുന്നതിന് വേണ്ടിയാണ് ഈ ബംഗ്ലാവ് ലേലത്തിൽ വച്ചിരുന്നത്.
അതേസമയം രണ്ട് സാങ്കേതിക കാരണങ്ങൾ ചൂണ്ടികാണിച്ചു കൊണ്ടാണ് സണ്ണി ഡിയോൾ എന്ന അജയ് സിങ് ഡിയോളിന്‍റെ ലേല നോട്ടിസ് ബാങ്ക് ഓഫ് ബറോഡ പിൻവലിച്ചതെന്ന് ബാങ്ക് പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. ആദ്യത്തേത് മൊത്തം കുടിശ്ശിക തിരിച്ചെടുക്കേണ്ട കുടിശ്ശികയുടെ കൃത്യമായ അളവ് വ്യക്തമാക്കിയിട്ടില്ല. രണ്ടാമത്തേത് 2002 ലെ സെക്യൂരിറ്റി ഇന്‍ററസ്‌റ്റ് (Enforcement) റൂൾസ് ലെ റൂൾ 8(6) പ്രകാരമുള്ള വസ്‌തുവിന്‍റെ പ്രതീകാത്മക കൈവശം വച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിൽപ്പന നോട്ടിസ് ഉളളത്.