മുംബൈ:നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന്‍റെ (Sunny Deol) മുംബൈയിലെ ജുഹുവിലുള്ള ബംഗ്ലാവിന്‍റെ ലേല നടപടികളില്‍ നിന്നും പിന്‍മാറി ബാങ്ക് ഓഫ് ബറോഡ. നടന്‍റെ ബംഗ്ലാവിന്‍റെ ലേല നോട്ടിസ് പിൻവലിച്ചതായി ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. താരം 56 കോടി രൂപ തിരിച്ചടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഓഗസ്‌റ്റ് 25ന് ഇ-ലേലം നടത്തുമെന്നറിയിച്ച് കഴിഞ്ഞ ദിവസമാണ് ബാങ്ക് രംഗത്തെത്തിയത്. ഈ തീരുമാനമാണ് ഒറ്റ ദിനം കൊണ്ട് ബാങ്ക് പിന്‍വലിച്ചത്.
സാങ്കേതിക കാരണങ്ങളാലാണെന്ന് സണ്ണി ഡിയോൾ എന്ന അജയ് സിങ് ഡിയോളുമായി ബന്ധപ്പെട്ട ലേല നോട്ടിസ് പിൻവലിച്ചതെന്ന് ബാങ്ക് ഓഫ് ബറോഡ ഇന്ന് പുറത്തുവിട്ട പ്രസ്‌താവനയിൽ വിശദീകരിച്ചു. നേരത്തെ റിപ്പോർട്ട് ചെയ്‌തത് പോലെ, സണ്ണി വില്ല എന്ന് പേരിട്ടിരിക്കുന്ന ജുഹുവിലെ താരത്തിന്‍റെ ബംഗ്ലാവിന്‍റെ ലേലം 51.43 കോടി രൂപയിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്ക് വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാവിന്‍റെ ഏറ്റവും കുറഞ്ഞ ലേല തുക 5.14 കോടി രൂപയായും നിശ്ചയിച്ചിരുന്നു.
എന്നാല്‍ 2002ലെ സർഫാസി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ലേലം തടയുന്നതിനായി, കുടിശികയുള്ള പണം താരത്തിന് അടയ്ക്കാമെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു. ബാങ്കിന്‍റെ ഈ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തിയിരിക്കുകയാണ്. സണ്ണി ഡിയോളിന്‍റെ ബംഗ്ലാവിന്‍റെ ലേല നടപടികള്‍ പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളുമായാണ് ജയ്‌റാം രമേഷ് രംഗത്തെത്തിയിരിക്കുന്നത്.