ബിജെപിയുമായി കൈകോര്‍ത്ത് സുമലത അംബരീഷ് ബെംഗളൂരു:ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് നടിയും മാണ്ഡ്യ ലോക്‌സഭ എംപിയുമായ സുമലത അംബരീഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെയും നേതൃത്വത്തെയും അഭിനന്ദിക്കുന്നുവെന്ന് മാണ്ഡ്യയില്‍ സുമലത പറഞ്ഞു. ഇത് എന്‍റെ ഭാവിയ്‌ക്ക് വേണ്ടിയല്ലെന്നും മാണ്ഡ്യ ജില്ലയുടെ വികസനമാണ് ലക്ഷ്യമെന്നും സുമലത പറഞ്ഞു.
ഈ തീരുമാനം എടുക്കാന്‍ ഞാന്‍ നാല് വര്‍ഷമെടുത്തു. എന്‍റെ ജില്ലയില്‍ ഇത്രയധികം വികസന പദ്ധതികള്‍ കൊണ്ടു വരാന്‍ എനിക്ക് സാധിച്ചതിന് പിന്നിലും എന്നെ സഹായിച്ചതും ബിജെപി സര്‍ക്കാറാണെന്നും സുമലത പറഞ്ഞു. ഇന്നത്തെ എന്‍റെ തീരുമാനം ചിലപ്പോള്‍ ചിലരെ വിഷമിപ്പിച്ചേക്കാം. എന്‍റെ ഭാവിയെ കുറിച്ചും അവര്‍ക്ക് വിഷമമുണ്ടായേക്കാം. എന്നാല്‍ അതിനെ കുറിച്ചൊന്നും ഞാൻ ചിന്തിക്കുന്നില്ലെന്നും സുമലത വ്യക്തമാക്കി.
ഞാൻ ബിജെപിയെ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും സുമലത പ്രഖ്യാപിച്ചു. താന്‍ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തിനായി പ്രചാരണം നടത്തുമെന്നും നടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുമലതയുടെ സുപ്രധാന തീരുമാനം മൈസൂരു മേഖലയിലെ രാഷ്ട്രീയത്തിൽ ഏറെ നിർണായകമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുമലത ബിജെപിയിൽ ചേരുമെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഇന്ന് മാണ്ഡ്യയിൽ നടന്ന വാർത്ത സമ്മേളനത്തില്‍ നടി തന്‍റെ തീരുമാനം വ്യക്തമാക്കിയത്. സുമലത ബിജെപിയില്‍ ചേരുമെന്ന സൂചന നല്‍കി കൊണ്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തിയിരുന്നു.
തീരുമാനം മോദിയെത്തുന്നതിന് മുമ്പ്:ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ്‌വേയുടെ ഉദ്‌ഘാടനത്തിനായി ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച മാണ്ഡ്യയിലെത്താനിരിക്കെയാണ് സുമലത അംബരീഷിന്‍റെ പ്രഖ്യാപനം. മോദി മാണ്ഡ്യയില്‍ എത്തുന്നതിന് മുമ്പ് തന്നെ സുമലതയെ ബിജെപിയില്‍ എത്തിക്കാനുള്ള പരിശ്രമത്തില്‍ തന്നെയായിരുന്നു ബിജെപി സംസ്ഥാന നേതൃത്വവും. കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും കേന്ദ്രമായ മാണ്ഡ്യയില്‍ സുമലതയിലൂടെ ബിജെപിയെ വളര്‍ത്തിയെടുക്കുകയാണ് പാര്‍ട്ടി ലക്ഷ്യം.
മാണ്ഡ്യയിലേക്ക് പോകുന്നതിന് മുമ്പ് ബെംഗളൂരുവില്‍ വച്ച് സുമലത ഇതേ കുറിച്ച് ഒരു മണിക്കൂറിനുള്ളില്‍ മാണ്ഡ്യയില്‍ സംസാരിക്കുമെന്നും എന്‍റെ എല്ലാ തീരുമാനങ്ങളും മാണ്ഡ്യ ജില്ലയിലെ തന്‍റെ ജനങ്ങള്‍ക്ക് മുമ്പില്‍ വച്ചാണ് വെളിപ്പെടുത്തുകയെന്നും വ്യക്തമാക്കിയിരുന്നു.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെ കുറിച്ചും കുമാര സ്വാമിയുടെ വിമര്‍ശനത്തെ കുറിച്ചും മാണ്ഡ്യയില്‍ വിശദീകരണം നല്‍കുമെന്നും സുമലത ബെംഗളൂരുവില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ ഷാംഗ്രില ഹോട്ടലില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി സുമലത അംബരീഷ് അര മണിക്കൂറോളം കൂടിക്കാഴ്‌ച നടത്തി.
രാഷ്‌ട്രീയ വിഷയങ്ങളില്‍ പല പ്രധാനപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായിരുന്നു. സിനിമ മേഖലയില്‍ സജീവമായിരുന്ന സുമലതയുടെ ഭര്‍ത്താവ് അംബരീഷിന്‍റെ വിയോഗത്തോടെയാണ് രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി സുമലത മത്സരിച്ചതും വിജയിച്ചതും. ജെഡിഎസിന്‍റെ ശക്തി കേന്ദ്രമായ മാണ്ഡ്യയിലാണ് സുമലത വിജയം കൊയ്‌തത്.
അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് കമ്മിറ്റിയും പ്രചാരണ സമിതിയിലെ അംഗങ്ങളുടെയും പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ബിജെപി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും മകനും പ്രചാരണ സമിതിയില്‍ അംഗങ്ങളാണെന്നതും ശ്രദ്ധേയമാണ്.