ചണ്ഡിഗഡ്: മൃഗസ്‌നേഹികളെ ഞെട്ടിച്ച്, 21 കോടി വരെ വില പറഞ്ഞ പോത്തുകളുടെ രാജാവ് സുല്‍ത്താൻ ചത്തു. ചൊവ്വാഴ്‌ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ വളർത്തു പോത്തായ സുല്‍ത്താൻ ചത്തത്. ഹരിയാനയിലെ നരേഷ് ബനിവാൾ വളർത്തിയിരുന്ന സുല്‍ത്താന് പതിനാല് വയസായിരുന്നു.
വലിപ്പം കൊണ്ട് രാജ്യത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച സുല്‍ത്താൻ ചത്ത വാർത്ത അറിഞ്ഞ് നിരവധി പേരാണ് കൈതാലിലെ നരേഷിന്‍റെ വീട്ടിലേക്ക് ഇന്നലെ രാത്രി മുതല്‍ എത്തുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള വ്യാപാരി 21കോടി വരെ വില പറഞ്ഞ സുല്‍ത്താനെ ഒരിക്കലും വില്‍ക്കില്ലെന്നാണ് നരേഷ് ബനിവാൾ പറഞ്ഞിരുന്നത്. അതോടൊപ്പം പോത്ത് ആരാധകരും വലിപ്പമുള്ള പോത്തിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും സുല്‍ത്താന്‍റെ ബീജം വാങ്ങാനായി പതിവായി നരേഷിനെ സമീപിക്കാറുണ്ടായിരുന്നു.
സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് സുല്‍ത്താനെ നരേഷ് വളർത്തിയിരുന്നത്. സുല്‍ത്താന്‍റെ വലിപ്പത്തിനൊപ്പം ദിവസേനയുള്ള ഭക്ഷണ ക്രമവും ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു. മാംസാഹാരവും മദ്യവും കഴിക്കുന്ന സുല്‍ത്താൻ മൃഗ സ്നേഹികൾക്ക് കൗതുകമായിരുന്നു. ഇതേ കുറിച്ച് വിവിധ തരത്തിലുള്ള ചർച്ചകളും അടുത്തിടെ നടന്നിരുന്നു.