ന്യൂഡല്‍ഹി : മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ലൈംഗിക ചുവയോടെ പോസ്റ്റ് ചെയ്‌ത 'സുള്ളി ഡീൽസ്' ആപ്പിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് 30 ഓളം ട്വിറ്റർ ഹാൻഡിലുകൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുസ്ലീം സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ 'ലേലത്തിനായി' അപ്‌ലോഡ് ചെയ്യുന്നതിനും മറ്റുമായാണ് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉപയോഗിച്ചിരുന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌ത് 'ഇവര്‍ വില്‍പ്പനയ്ക്ക്' എന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ആപ്പിന്‍റെ നിര്‍മാതാവും ഇൻഡോര്‍ സ്വദേശിയുമായ ഓംകാരേശ്വർ താക്കൂറിനൊപ്പമുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പിലെ ഉള്ളടക്കങ്ങൾ ഡിലീറ്റ് ചെയ്‌തിരുന്നതായും പൊലീസ് പറഞ്ഞു.
ഇയാളുടെ ലാപ്‌ടോപ്പ്, ഫോണ്‍ എന്നിവയ്‌ക്കൊപ്പം "ബുള്ളി ബായ്" ആപ്പിന്‍റെ നിര്‍മാതാവായ നീരജ് ബിഷ്‌ണോയിയുടെ ഫോണുകളും നാഷണൽ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്‌ക്കയച്ചിട്ടുണ്ട്. ലാപ് ടോപ്പില്‍ നിന്നും ഡിലീറ്റ് ചെയ്‌ത വിവരങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.
'അന്തര്‍മുഖനായ' വെബ് ഡിസൈനര്‍ ; പകല്‍ മുഴുവനുറങ്ങി രാത്രി ജോലി
അമേരിക്കയില്‍ നിന്നടക്കമുള്ള ഇടപാടുകാരുള്ള 'അന്തര്‍മുഖനായ' വെബ് ഡിസൈനറാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളുടെ പിതാവിനേയും ചോദ്യം ചെയ്‌തിരുന്നു. പകൽ മുഴുവൻ ഉറങ്ങുകയും രാത്രി ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ മകന്‍റെ പ്രവര്‍ത്തികളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ പറഞ്ഞതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.