ഷിംല:ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഷിംലയിൽ നടന്ന ചടങ്ങില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
രണ്ട് ദിവസത്തെ ആശങ്കകൾക്കും കൂടിയാലോചനകൾക്കും പിന്നാലെ ശനിയാഴ്‌ച വൈകുന്നേരമാണ് സുഖ്‌വിന്ദർ സിഖ് സുഖുവിനെ ഹിമാചൽ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന പ്രതിഭ സിങിന്‍റെ സന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രതിഭ സിങിനെ സുഖ്‌വിന്ദർ സിങ് സുഖു നേരിട്ടെത്തി ക്ഷണിച്ചിരുന്നു.
സാധാരണക്കാരുടെ നേതാവ്: കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഹിമാചൽ പ്രദേശ് കോൺഗ്രസിനെ എല്ലാ തലങ്ങളിലും നയിച്ച് കഴിവുതെളിയിച്ചാണ് സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ഹമീർപൂർ ജില്ലയിലെ നദൗണിൽ നിന്ന് നാല് തവണ എംഎൽഎയായ സുഖു രാഷ്‌ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ഇപ്പോൾ ഹിമാചൽ പ്രദേശിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്നത്.
ഹിമാചൽ പ്രദേശ് സർവകലാശാലയിലെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ക്ലാസ് റെപ്രസന്‍റേറ്റീവിലൂടെയാണ് സുഖ്‌വീന്ദർ സിങ് സുഖു തന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. കാമ്പസിലെ വിദ്യാർഥി രാഷ്‌ട്രീയ പ്രവർത്തനമാണ് അദ്ദേഹത്തിലെ രാഷ്‌ട്രീയക്കാരനെ പാകപ്പെടുത്തിയത്. 1988 മുതൽ 1995 വരെ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.