ഷിംല : ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിങ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയും ഇന്നാണ് ചുമതലയേല്‍ക്കുന്നത്. സുഖ്‌വീന്ദര്‍ സിങ് സുഖുവും മുകേഷ് അഗ്‌നിഹോത്രിയും മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
മന്ത്രിമാരുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് 1.30ന് ഷിംലയിലെ റിഡ്‌ജ് മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സാധാരണ കുടുംബത്തില്‍ നിന്നുള്ള താന്‍ മുഖ്യമന്ത്രി ആകുന്നതില്‍ സന്തോഷമുണ്ടെന്ന് സുഖ്‌വീന്ദര്‍ സിങ് സുഖു പ്രതികരിച്ചു. 'സാധാരണ കുടുംബത്തിൽ നിന്നുള്ള ഞാന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പോകുന്നതിൽ സന്തോഷമുണ്ട്. ഈ അവസരം തന്നതിന് കോൺഗ്രസ് പാർട്ടിയോടും ഗാന്ധി കുടുംബത്തോടും നന്ദിയറിയിക്കുന്നു. രാഷ്‌ട്രീയത്തിൽ നിന്ന് എന്നെ ഒരിക്കലും അമ്മ തടഞ്ഞില്ല. അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്ന് ഞാൻ ഇവിടെവരെ എത്തി' - അദ്ദേഹം പറഞ്ഞു.
മലയോര മേഖലയിൽ വിപുലമായ സംഘടനാപരിചയവുമായി ഉയർന്നുവന്ന നേതാവാണ് സുഖു. നാല് തവണ എംഎൽഎയായ സുഖു (58) മുൻ പാര്‍ട്ടി അധ്യക്ഷനാണ്. കൂടാതെ എൻഎസ്‌യുഐയിലും യൂത്ത് കോൺഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2013 മുതൽ 2019 വരെയാണ് പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്‍റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചത്. ഹിമാചൽ പ്രദേശില്‍ യുവ കോൺഗ്രസ് നേതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനും നിര്‍ണായക നിലപാടുകള്‍ സ്വീകരിച്ച നേതാവുകൂടിയാണ് അദ്ദേഹം.