ചണ്ഡിഗഡ് :100 വര്‍ഷം പഴക്കമുള്ള ശിരോമണി അകാലിദളിനെ (Shiromani Akali Dal) നയിക്കുക എന്ന ഉത്തരവാദിത്വവുമായി രംഗത്തിറങ്ങിയ സുഖ്ബീർ സിംഗ് ബാദലിന് (Sukhbir Badal) പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായിരുന്നു. തന്റെ പിതാവും പാർട്ടി കുലപതിയുമായ പ്രകാശ് സിംഗ് ബാദലിന്റെ സജീവ പങ്കാളിത്തമില്ലാതെ 100 വർഷം പഴക്കമുള്ള തന്റെ പാർട്ടിയെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
2008ല്‍ സംസ്ഥാനത്ത് പാര്‍ട്ടി നിര്‍ണായക ഘടകമായിരുന്നപ്പോള്‍ നയിച്ചത് ബാദലായിരുന്നു. തുടര്‍ന്ന് 2012ല്‍ 54 സീറ്റെന്ന വിലയ നേട്ടം അദ്ദേഹം പാര്‍ട്ടിക്കായി നേടിയെടുത്തു. പക്ഷേ ഇത്തവണ പാര്‍ട്ടിക്ക് കാലിടറി. ഒടുവിലെ കണക്കനുസരിച്ച് നാല് സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങി. രണ്ട് വർഷത്തിനിടെ രണ്ട് തവണ ഫരീദ്‌കോട്ടിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാദല്‍ അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായിരുന്നു.
പിന്നീട് പഞ്ചാബിന്റെ ഉപമുഖ്യമന്ത്രിയായും അദ്ദേഹം നിറഞ്ഞുനിന്നു. പ്രായവും കൊവിഡും കാരണം പിതാവിന് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ അച്ഛന്‍റെ തണലില്‍ നിന്നാണ് ബാദലിത്തവണ തെരഞ്ഞെടുപ്പ് ചൂടിനെ നേരിട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിൽ 15 എണ്ണം മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തന്റെ പാർട്ടിയുടെ പുനരുജ്ജീവനം സുഖ്ബീർ ബാദൽ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ വളര്‍ച്ച പടവലം പോലെ താഴോട്ടായിരുന്നു എന്ന് മാത്രം.
ജലാലാബാദിൽ വന്‍പരാജയം
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പാർട്ടി ബിജെപിയുമായുള്ള 24 വർഷത്തെ തെരഞ്ഞെടുപ്പ് ബന്ധം വിച്ഛേദിച്ചിരുന്നു. പകരം അദ്ദേഹത്തിന്റെ പാർട്ടി മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയുമായി സഖ്യമുണ്ടാക്കി. 2007 മുതൽ 2017 വരെയുള്ള തന്റെ പാർട്ടിയുടെ 10 വർഷത്തെ ഭരണകാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം സംസ്ഥാനത്തുടനീളം പ്രചാരണം നടത്തി.