ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്‍റെ ഇരകള്‍ക്കായി താന്‍ നല്‍കുന്ന 10 കോടി രൂപ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ച് കോണ്‍മാന്‍ സുകേഷ് ചന്ദ്രശേഖര്‍. തന്‍റെ വ്യക്തിഗത സമ്പാദ്യത്തില്‍ നിന്നുള്ള പണമാണിതെന്നും ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ തുക ചെലവഴിക്കണമെന്നും വിവിധ കേസുകളെ തുടര്‍ന്ന് മണ്ഡോലി ജയില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ കത്തില്‍ പറഞ്ഞു. വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് ഒഡിഷയിലുണ്ടായതെന്നും ദുരന്തം തന്നെ ഏറെ വിഷമത്തിലാക്കിയെന്നും സുകേഷ് കത്തില്‍ കുറിച്ചു.
എന്‍റെ മനസും പ്രാര്‍ഥനയും ആ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഒപ്പമുണ്ടെന്നും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു. നമ്മുടെ സര്‍ക്കാര്‍ ദുരന്തത്തിന് പിന്നാലെ നിരവധി സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. എന്നാലും ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയിലാണ് താന്‍ ഈ തുക സംഭാവന ചെയ്യുന്നത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കും ചെലവഴിക്കാം.
ദുരന്തത്തില്‍ മരിച്ചവരുടെ കുട്ടികളുടെ സ്‌കൂള്‍, കോളജ് വിദ്യാഭ്യാസ പഠനങ്ങള്‍ക്കായി പ്രത്യേകം ചെലവഴിക്കേണ്ടതാണിത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങള്‍ക്ക് അഭിമാനമാണ്. ദുരന്തത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിടുകയും അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിനെയും പ്രശംസിച്ച് കൊണ്ട് സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു.
ശാരദ ഫൗണ്ടേഷൻ, ചന്ദ്രശേഖർ കാൻസർ ഫൗണ്ടേഷൻ, എൽഎസ് എജ്യുക്കേഷൻ തുടങ്ങിയ തന്‍റെ സംഘടനകള്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ സംഭാവനകൾ നൽകുന്നുണ്ടെന്നും സുകേഷ് ചന്ദ്രശേഖര്‍ കത്തില്‍ പറഞ്ഞു. ട്രെയിന്‍ ദുരന്തത്തിന്‍റെ ഇരകള്‍ക്ക് താന്‍ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്രസ്‌തുത സംഭാവന സ്വീകരിക്കാന്‍ ഞാന്‍ താഴ്‌മയോടെ അഭ്യര്‍ഥിക്കുന്നുവെന്നും താങ്കളുടെ അനുമതി ലഭിക്കുകയാണെങ്കില്‍ ഉടനടി തന്നെ പണം നല്‍കുമെന്നും കത്തില്‍ അറിയിച്ചു.
രാജ്യത്തെ ഞെട്ടിച്ച ഒഡിഷ ട്രെയിന്‍ ദുരന്തം:ജൂണ്‍ രണ്ടിനാണ് ഒഡിഷയിലെ ബാലസോറിലെ ബഹാനാഗ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം ഉണ്ടായത്. അപകടത്തില്‍പ്പെട്ട് 288 പേര്‍ മരിക്കുകയും 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. രാത്രി 7.30ഓടെയായിരുന്നു അപകടം.
പാളം തെറ്റി ഗുഡ്‌സ് ട്രെയിനിലേക്ക് മറിഞ്ഞ ബെംഗളൂരു ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാര്‍ ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു.
സുകേഷ് ചന്ദ്രശേഖറിനെതിരെ നിരവധി കേസുകള്‍: സിനിമ താരങ്ങള്‍ രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി പേരില്‍ നിന്നും പണം തട്ടിയെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖർ നിലവില്‍ ജയിലില്‍ കഴിയുന്നത്. റാന്‍ ബാക്‌സിയെന്ന ഫാര്‍മ കമ്പനി ഉടമയായ ശിവീന്ദർ മോഹൻ സിങ്ങിന്‍റെ ഭാര്യ അദിതി സിങ്ങിൽ നിന്ന് ഇയാള്‍ 200 കോടി രൂപ തട്ടിയെടുത്തതായും കേസുണ്ട്. സുകേഷ് ചന്ദ്രശേഖറിനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേറ്റ് രജിസ്റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് സിനിമ താരം ജാക്വിലിന്‍ ഫെര്‍ണ്ടാസിനെതിരെയും കേസുണ്ട്. കേസുകളുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രശേഖറിന്‍റെ ഭാര്യ ലീന മരിയ പോളിനെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.