ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി തിഹാർ ജയിൽ നമ്പർ 7ൽ കഴിയുന്ന ആം ആദ്‌മി നേതാവ് സത്യേന്ദർ ജെയ്‌ൻ, ജയിൽ ഡയറക്‌ടർ ജനറലും മറ്റ് ഉദ്യോഗസ്ഥരും മുഖേന തന്നെ ഭീഷണിപ്പെടുത്തുന്നതായി പണം തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ. ഹൈക്കോടതിയിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ ഭീഷണിപ്പെടുന്നതെന്ന് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് നൽകിയ പരാതിയിൽ സുകേഷ് ചന്ദ്രശേഖർ പറയുന്നു.
2015 മുതൽ തനിക്ക് സത്യേന്ദർ ജെയ്‌നെ അറിയാം. ദക്ഷിണേന്ത്യയിൽ സുപ്രധാന പാർട്ടി പദവി നൽകാമെന്നും രാജ്യസഭയിലേക്ക് പേര് നാമനിർദേശം ചെയ്യാൻ സഹായിക്കാം എന്നും വാഗ്‌ദാനം ചെയ്‌ത് തന്‍റെ കൈയിൽ നിന്നും 50 കോടി രൂപ ജെയ്‌ൻ വാങ്ങിയിട്ടുണ്ട്. കൂടാതെ 2017ൽ രണ്ടില ചിഹ്നം അഴിമതി കേസിൽ താൻ ജയിലിലായതിന് ശേഷം സംരക്ഷണ പണമായി 10 കോടി രൂപ ജെയ്‌നിന് നൽകിയിട്ടുണ്ടെന്നും സക്സേനയ്ക്ക് നൽകിയ കത്തിൽ സുകേഷ് ആരോപിക്കുന്നു.
'പാർട്ടിക്ക് 50 കോടി, ജെയ്‌നിന് 10 കോടി': 2017ൽ അറസ്റ്റിലായതിന് ശേഷം ജയിൽ മന്ത്രിയായിരുന്ന സത്യേന്ദർ ജെയ്‌ൻ ഒന്നിലധികം തവണ തന്നെ സന്ദർശിക്കുകയും പാർട്ടിക്ക് നൽകിയ സംഭാവനയെ സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയോ എന്ന് അന്വേഷിക്കുകയും ചെയ്‌തിരുന്നു. 2019ൽ വീണ്ടും ജെയ്‌നും അദ്ദേഹത്തിന്‍റെ സെക്രട്ടറിയും അടുത്ത സുഹൃത്ത് സുശീലും തന്നെ ജയിലിൽ സന്ദർശിച്ചു. ജയിലിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സംരക്ഷണ തുകയായും പ്രതിമാസം 2 കോടി രൂപ നൽകാൻ അദ്ദേഹത്തിന്‍റെ സെക്രട്ടറി ആവശ്യപ്പെട്ടുവെന്നും കത്തിൽ പറയുന്നു.
'ജയിൽ ഡിജിക്ക് നൽകിയത് 12.5 കോടി': ജെയ്ൻ തന്നെ പണം നൽകാൻ നിർബന്ധിച്ചുവെന്നും 2-3 മാസങ്ങൾക്കുള്ളിൽ 10 കോടി രൂപ നിരന്തരമായ സമ്മർദത്തിലൂടെ തട്ടിയെടുത്തുവെന്നും സുകേഷ് ആരോപിക്കുന്നു. കൂടാതെ ജയിൽ ഡയറക്‌ടർ ജനറൽ സന്ദീപ് ഗോയൽ തന്‍റെ വിശ്വസ്‌ത പങ്കാളി ആണെന്നും അദ്ദേഹത്തിന് 1.50 കോടി രൂപ നൽകാനും ആവശ്യപ്പെട്ടു. മൊത്തം 10 കോടി രൂപ സത്യേന്ദർ ജെയ്‌നും 12.50 കോടി രൂപ സന്ദീപ് ഗോയലിനും നൽകി. ജെയ്‌നിന്‍റെ കൂട്ടാളി ചതുർവേദി മുഖേന എല്ലാ തുകയും കൊൽക്കത്തയിലാണ് ശേഖരിച്ചത്.