ബാങ്കോക്ക്: ലഭ്യതക്കുറവ് മൂലംആഗോള വിപണയില്‍ കുതിച്ചുയര്‍ന്ന് പഞ്ചസാര വില. പഞ്ചസാരയുടെ മുന്‍ നിര കയറ്റുമതിക്കാരായ ഇന്ത്യയിലും തായ്ലാന്ഡിലും കരിമ്പ് വിളവെടുപ്പില്‍ നേരിട്ട തിരിച്ചടികളാണ് വില ഉയരാന്‍ കാരണം (Sugar Prices Rising Worldwide). വരണ്ട കാലാവസ്ഥയാണ് ഇക്കുറി പ്രധാന വില്ലനായത്. കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ (El Nino), ഉക്രെയ്നിലെ യുദ്ധം എന്നിവക്കൊപ്പം ദുർബലമായ കറൻസികളും പഞ്ചസാര വിലയെ സ്വാധീനിച്ചു.
വിപണിയിൽ ലഭ്യത കുറഞ്ഞതോടെ 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ആഗോള തലത്തിൽ പഞ്ചസാര വ്യാപാരം (Global Sugar Trade) നടക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 2023-24 കാലയളവിൽ ആഗോള പഞ്ചസാര ഉൽപാദനത്തിൽ 2 ശതമാനം കുറവുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ് ഒ എ) കണക്കാക്കുന്നു. ഇത് ഏകദേശം 3.5 ദശലക്ഷം മെട്രിക് ടണ്ണിന്റെ കുറവായിരിക്കുമെന്നാണ് എഫ് ഒ എ (FOA) വൃത്തങ്ങള്‍ നല്കുന്ന വിവരം. എഥനോൾ (Ethanol) പോലുള്ള ജൈവ ഇന്ധനങ്ങൾക്കുവേണ്ടി പഞ്ചസാര കൂടുതല്‍ ഉപയോഗിക്കുന്നു. അതിനാൽ പഞ്ചസാരയുടെ ആഗോള കരുതൽ 2009 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്നും എഫ് ഒ എ പ്രവചിക്കുന്നു.
ഈ വർഷം ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 8 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷന്റെ (Indian Sugar Mills Association) കണക്കുകൂട്ടല്‍. പഞ്ചസാര ഉൽപാദനത്തിനൊപ്പം ഉപഭോഗത്തിലും മുന്നിലാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യ ഇപ്പോള്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് പഞ്ചസാര കയറ്റുമതിക്ക് സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്.
Also Read: Sugar Export Ban:പഞ്ചസാര കയറ്റുമതി നിരോധനം; പണപ്പെരുപ്പത്തില്‍ കുഴയുമോ ഇന്ത്യ? ആഗോള ഭക്ഷ്യ വിപണിക്ക് കയ്പ്പേറിയേക്കും