ജയ്‌പൂർ: ഗർഭിണിക്ക് തുറന്ന ഹൃദയ ശസ്‌ത്രക്രിയയും സിസേറിയനും ഒരേ സമയം നടത്തി രണ്ട് ജീവനുകൾ രക്ഷിച്ച് ഡോക്‌ടർമാർ. ജോധ്‌പൂർ ജില്ലയിലെ മഥുരദാസ് മാത്തൂർ ആശുപത്രിയിലാണ് ഈ അത്യപൂർവ സംഭവം നടന്നത്. പൊതുവെ ഇത്തരത്തിലുള്ള കേസുകളിൽ രോഗിയും കുഞ്ഞും അതിജീവിക്കുന്നത് കുറവാണ്.
അത്രയേറെ സങ്കീർണമാണ് ഇത്തരം ശസത്രക്രീയകൾ. ഡോ. സുഭാഷ് ബലാര (വിഭാഗം മേധാവി), ഡോ. അഭിനവ് സിങ് (അസിസ്റ്റന്‍റ് പ്രൊഫസർ) എന്നിവരാണ് ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി രണ്ട് ജീവനുകൾ രക്ഷിച്ചത്. 22 വയസുള്ള ഗർഭിണി കഴിഞ്ഞ മൂന്ന് മാസമായി ശ്വാസതടസവും നെഞ്ചുവേദനയും അനുഭവിക്കുകയായിരുന്നു.
യുവതി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്നും ഈ സമയത്ത് ശ്വാസതടസം അനുഭവപ്പെട്ടുവെന്നും യുവതിയും ബന്ധുക്കളും പറഞ്ഞു. തുടർന്ന് നടന്ന പരിശോധനയിൽ രോഗിയുടെ രണ്ട് ഹൃദയ വാൽവുകൾ തകരാറിലായതും ചുരുങ്ങുന്നതായും കണ്ടെത്തി. രോഗിയുടെ ബന്ധുക്കൾ വൈദ്യസഹായം തേടിയെങ്കിലും മികച്ച ചികിത്സ കിട്ടാതെ വന്നതിനാൽ രോഗം മൂർച്ഛിച്ചു.
ആരോഗ്യനില ഗുരുതരമായതോടെ യുവതിയെ മഥുരദാസ് മാത്തൂർ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഒരുക്കുകയുമായിരുന്നു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകാത്തതിനെ തുടന്ന് രോഗിയുടെയും കുടുംബത്തിന്‍റെയും പൂർണസമ്മതത്തോടെ ഹൃദയത്തിന്‍റെ തുറന്ന ശസ്‌ത്രക്രിയയ്‌ക്ക് ഡോക്‌ടർമാർ തയ്യാറായി. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമായിരുന്നു ഇതെന്ന് ഡോക്‌ടർമാർ പറഞ്ഞു.
ബൈപ്പാസ് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം രോഗിയെ സിടിഐസിയുവിലേക്ക് മാറ്റി. നാല് ദിവസം കൊണ്ട് രോഗിയുടേയും കുഞ്ഞിന്‍റേയും നില മെച്ചപ്പെട്ടു.
റുമാറ്റിക് ഹൃദ്രോഗം(Rheumatic heart disease): ഇന്ത്യയിൽ ഹൃദയ വാൽവ് തകരാറിലാകുന്നതിന്‍റെ പ്രധാന കാരണം റുമാറ്റിക് ഹൃദ്രോഗമാണ്. ഈ രോഗത്തിൽ, ഹൃദയത്തിന്‍റെ വാൽവുകൾ ഇടുങ്ങിയതും സുഷിരങ്ങളുള്ളതുമാകുന്നു. രോഗിക്ക് രക്തം നഷ്‌ടപ്പെടുന്നതുകൊണ്ട് ശ്വാസംമുട്ടൽ, ശരീരത്തിലെ നീർവീക്കം, നെഞ്ചിലും ഹൃദയമിടിപ്പിലും വേദന എന്നിവ ക്രമരഹിതമായി അനുഭവപ്പെടാം.
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ രോഗം മാരകമായേക്കാം. ഗർഭാവസ്ഥയിൽ ഈ രോഗം രണ്ടോ നാലോ മടങ്ങ് കൂടുതൽ മാരകമാണ്. ശസ്‌ത്രക്രിയ സമയത്ത് കാർഡിയോപൾമണറി ബൈപാസിന് വിധേയരാകുന്ന ഗർഭിണികളായ രോഗികളിൽ മരണനിരക്ക് കൂടുതലായിരിക്കും.