ബെംഗളൂരു(കര്‍ണാടക) : അപൂര്‍വ രോഗമായ ഹെപ്പറ്റോ-പൾമണറി സിൻഡ്രോം ബാധിച്ച പത്ത് വയസ്സുകാരന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവിതം. ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുക, ഹൃദയത്തിനും ശ്വാസകോശത്തിനുമിടയില്‍ രക്ത പ്രവാഹം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. ശ്വസിക്കാന്‍ കുട്ടി ഏറെ ബുദ്ധിമുട്ടിയിരുന്നു.
16 മാസമായി ഓക്സിജന്‍ മാസ്‌ക് ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ബന്നേർഘട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയ കുട്ടിക്ക്, രോഗം അധികരിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാണെങ്കിലും പ്രമേഹ രോഗിയായ പിതാവിനും ഗര്‍ഭിണിയായ മാതാവിനും കരള്‍ നല്‍കുന്നതിന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് പിതൃ സഹോദരി അവയവദാനത്തിന് തയ്യാറായി.