ഹൈദരാബാദ്: കേന്ദ്രമന്ത്രിമാരുടേതടക്കം നിരവധി ഉന്നതരുടെ ഫോണുകൾ ചോർന്നതായി അഭ്യൂഹം. ഇസ്രയേൽ നിർമിത സ്‌പൈ സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോൺ ചോർത്തിയതെന്നും ഇത് സംബന്ധിച്ച് ശക്തമായ സൂചനകൾ ലഭിച്ചതായും രാജ്യസഭ എംപി സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്‌തു.
കേന്ദ്രമന്ത്രിമാരെ കൂടാതെ ആർഎസ്‌എസ് നേതാക്കളുടെയും ചില സുപ്രീം കോടതി ജഡ്‌ജിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർന്നതായാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. ഇസ്രയേൽ നിർമിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഇതിനായി ഉപയോഗിക്കുന്നുവെന്നും സ്വാമി പറയുന്നു.
ഇത് സംബന്ധിച്ച വിശദാംശങ്ങൾ വാഷിംഗ്‌ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ എന്നീ മാധ്യമങ്ങൾ പുറത്തുവിടുമെന്നും സ്ഥിരീകരണമുണ്ടായാൽ താനും കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.