വിജയവാഡ (ആന്ധ്രപ്രദേശ്): നഗരസഭയിലെ സ്വിമ്മിങ് പൂളില്‍ നിന്നും ക്ലോറിന്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് പത്തിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ആന്ധാപ്രദേശിലെ വിജവാഡയില്‍ ബുധനാഴ്‌ച (ഡിസംബര്‍ 7) ആയിരുന്നു സംഭവം. ഡിസംബര്‍ 11ന് എളൂരുവില്‍ വച്ച് നടക്കാനിരിക്കുന്ന നീന്തല്‍ മത്സരത്തിന്‍റെ പരിശീലനത്തിനിടെയാണ് വാതകം ചോര്‍ന്നതെന്ന് സ്വിമ്മിങ് പൂള്‍ അക്കാദമിയിലെ സൂപ്പര്‍വൈസര്‍ പറഞ്ഞു.
സംഭവ ദിവസം രാത്രി 8.30ഓടെ തങ്ങള്‍ക്ക് മത്സരമുണ്ടെന്നും അതിനായുള്ള പരിശീലനത്തിനായി സ്വിമ്മിങ് പൂള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുറച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സൂപ്പര്‍വൈസര്‍ അറിയിച്ചു. നീന്താന്‍ മുന്‍സിപ്പല്‍ കമ്മിഷന്‍റെ അനുവാദം ആവശ്യമാണന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ അനുവാദവുമായാണ് എത്തിയിരിക്കുന്നതെന്ന് അവര്‍ മറുപടി നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിനായി നീന്തല്‍കുളം അനുവദിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.