കാണ്‍പൂർ (ഉത്തര്‍ പ്രദേശ്):വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി. കാണ്‍പൂർ ജില്ലയിലെ ബിധാനു പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു ഇന്‍റർ കോളജിലാണ് സംഭവം. പരസ്‌പരമുള്ള പ്രശ്‌നത്തിന്‍റെ പേരിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ മറ്റൊരാളെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ഥി കൊല്ലപ്പെടുന്നത്.
സംഭവം ഇങ്ങനെ:ബിധാനു പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പ്രയാഗ് വിദ്യാ മന്ദിർ ഇന്‍റർ കോളജില്‍ തിങ്കളാഴ്‌ചയാണ് (31.07.2023) സംഭവം നടക്കുന്നത്. രാവിലെ 10.30 ഓടെ സ്‌കൂളിൽ എന്തോ കാര്യത്തെ ചൊല്ലി വിദ്യാര്‍ഥികള്‍ ഇരുവരും തമ്മിൽ തർക്കമുണ്ടായി. എന്നാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ഇവരെ പിന്തിരിച്ച് രണ്ടുവഴിക്ക് അയച്ചുവെങ്കിലും ഒരാള്‍ കത്തിയുമായെത്തി മറ്റൊരാളെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ വിദ്യാർഥിയെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ വിദ്യാര്‍ഥി മരിച്ചതായി ഡോക്‌ടര്‍മാർ സ്ഥിരീകരിച്ചു. ഇതോടെ പ്രതിയായ വിദ്യാർഥിയെ പൊലീസ് കസ്‌റ്റഡിയിലുമെടുത്തു.
വിശദീകരണവുമായി പൊലീസ്:താനാ ബിധാനുവിലെ ന്യൂ ആസാദ് നഗർ ചൗക്കി ഏരിയയിലുള്ള പ്രയാഗ വിദ്യാ മന്ദിർ ഇന്‍റർ കോളജിൽ തിങ്കളാഴ്ച രണ്ട് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായി. രാവിലെ 10.30 ഓടെയാണ് തർക്കമുണ്ടായത്. ഇതിനിടെ വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സൗത്ത് എഡിസിപി അങ്കിത ശർമ പറഞ്ഞു.