നെല്ലൂർ (ആന്ധ്രാപ്രദേശ്) :നെല്ലൂരിലെ സ്വകാര്യ കോളജിലെ ബി.ടെക് വിദ്യാർഥിനി സ്വയം ഗർഭഛിദ്രം നടത്തുന്നതിനിടെ ക്ലാസ് മുറിയിൽ മരിച്ചു. മരിപ്പാട് മണ്ഡലം സ്വദേശിനിയായ 19 കാരിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഈ മാസം 11നായിരുന്നു സംഭവം. സുഹൃത്തുക്കൾ എത്തി നോക്കിയപ്പോഴാണ് അമിത രക്തസ്രാവവുമായി പെണ്‍കുട്ടിയെ ക്ലാസ് മുറിയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് ആറ് മാസം പ്രായമുള്ള ഭ്രൂണവുമുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏപ്രിൽ 11 ന് കോളജിലെത്തിയ വിദ്യാർഥിനി സുഹൃത്തുക്കളെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കി ഒറ്റയ്‌ക്ക് അകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിൽ സംശയം തോന്നിയ സുഹൃത്തുക്കൾ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കടുത്ത രക്തസ്രാവവുമായി ക്ലാസ് മുറിയിൽ ബോധരഹിതയായ നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ തൊട്ടടുത്ത് ആറ് മാസത്തോളം പ്രായമുള്ള ഭ്രൂണത്തെയും കണ്ടെത്തിയിരുന്നു. ഉടൻ തന്നെ കോളജ് അധികൃതരും സഹപാഠികളും ചേർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പെണ്‍കുട്ടി മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞ് നെല്ലൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ചു.
അതേസമയം പെണ്‍കുട്ടി ഇന്‍റർനെറ്റിൽ നിന്ന് വീഡിയോ കണ്ട് സ്വയം ഗർഭഛിദ്രം നടത്തിയതാകാമെന്നാണ് പൊലീസ് നൽകുന്ന വിവരം. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 19 കാരിക്ക് അനന്തസാഗറിലെ കാർ ഡ്രൈവറുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.