ഹമിര്‍പുര്‍ :യൂട്യൂബില്‍ കണ്ട മരണരംഗം അനുകരിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. രാജു എന്ന് വിളിക്കുന്ന നിഖില്‍ ആണ് മരിച്ചത് (student died after imitating death escape videos on YouTube). ഹിമാചല്‍ പ്രദേശിലെ ഹമിര്‍ പൂരിലാണ് സംഭവം.
സാമൂഹ്യമാധ്യമത്തില്‍ മരിക്കുന്നത് എങ്ങനെയെന്ന ഒരു ദൃശ്യം കാണുകയും അത് അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തപ്പോഴാണ് നിഖിലിന് ജീവന്‍ നഷ്‌ടമായത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള വീഡിയോയാണ് നിഖില്‍ കണ്ടതെന്ന് പൊലീസ് പറയുന്നു. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് വീഡിയോ കണ്ടത്. കുട്ടിയുടെ അമ്മ സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്മയും മറ്റുള്ളവരും വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു (suicide video).
ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ എത്തിച്ചെങ്കിലും ഡോ.തരുണ്‍ പാല്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. പിന്നീട് കുട്ടിയുടെ വീട്ടുകാര്‍ മൃതദേഹവുമായി മടങ്ങി. ഇക്കാര്യം അവര്‍ പൊലീസിനെ അറിയിച്ചതുമില്ല. പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പൊലീസ് ഇക്കാര്യം അറിഞ്ഞത്. ബിഎസ്‌പി നേതാവ് ജയ് കരണ്‍ സിങ് കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഉപ്പില്‍ നിന്ന് വിഷമുണ്ടാക്കുന്നത് എങ്ങനെ, മരണത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം, മരണം എങ്ങനെ ഒഴിവാക്കാം തുടങ്ങിയ റീലുകള്‍ കുട്ടി കണ്ടതായി മൊബൈല്‍ പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കി. അവദേഷ് സാഹു എന്നയാളുടെ മകനാണ് മരിച്ച നിഖില്‍.
Also Read:വീട്ടുകാര്‍ അറിയാതെ യൂട്യൂബ് വീഡിയോ കണ്ട് കുഞ്ഞിന് ജന്മം നൽകി; ആരോഗ്യനില വഷളായ പെണ്‍കുട്ടി ആശുപത്രിയില്‍, നവജാത ശിശു മരിച്ചു
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് കുഞ്ഞിന് ജന്മം നല്‍കിയത്. നാഗ്‌പൂരിലെ അംബസാരി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 15 കാരി തന്‍റെ അമ്മയറിയാതെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവം കഴിഞ്ഞ് അല്‍പനേരം കഴിഞ്ഞപ്പോള്‍ നവജാത ശിശു മരണപ്പെടുകയായിരുന്നു. മാത്രമല്ല പ്രസവശേഷമുള്ള കനത്ത രക്തസ്രാവത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.
സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് പെൺകുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് മനസിലാക്കിയതോടെ അമ്മയറിയാതെ യൂട്യൂബിലെ വീഡിയോകള്‍ കണ്ട് പ്രസവത്തിന് ആവശ്യമായ സാമഗ്രികള്‍ സജ്ജമാക്കുകയായിരുന്നു. അമ്മ ജോലിക്കായി പോയ സമയത്ത് പ്രസവവേദന തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി യൂട്യൂബ് വീഡിയോ കണ്ട് പ്രസവത്തിനൊരുങ്ങി.
വീഡിയോ അനുകരിച്ചുള്ള പ്രസവത്തിന് ശേഷം കുഞ്ഞിനെ ഒളിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ മടങ്ങിയെത്തിയപ്പോള്‍ മുറിയില്‍ രക്തക്കറ കണ്ട് പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തുവരുന്നത്. ഈ സമയം പെൺകുട്ടിയുടെ ആരോഗ്യനില വളരെ മോശമാണെന്ന് കൂടി മനസിലാക്കിയതോടെ ഇവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.