ബെംഗളൂരു : കെഎസ്‌ആര്‍ടിസി (കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോര്‍പറേഷന്‍) ബസിന്‍റെ ഡോറില്‍ നിന്ന് തെറിച്ച് വീണ വിദ്യാര്‍ഥി മരിച്ചു. വാസന ഗ്രാമവാസിയായ മധു ചക്രശാലിയാണ് (13) മരിച്ചത്. ഹാവേരി ജില്ലയിലെ ഹനഗലില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.
സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയപ്പോഴാണ് അപകടം. ബസിലെ അമിത തിരക്ക് കാരണം അകത്തേക്ക് കയറാനാകാതെ വിദ്യാര്‍ഥി ഡോറിനരികെ തന്നെ നില്‍ക്കുകയായിരുന്നു. റോഡ് തകര്‍ന്ന ഭാഗത്തെത്തിയപ്പോള്‍ ബസ് ഒരു ഭാഗത്തേക്ക് ചരിഞ്ഞതോടെ വിദ്യാര്‍ഥി പുറത്തേക്ക് തെറിച്ച് വീണു.തുടര്‍ന്ന് റോഡിലെ കല്ലില്‍ ചെന്നിടിക്കുകയായിരുന്നു.
തലയ്‌ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹാവേരി ജില്ല ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് മധുവിന്‍റെ പിതാവ് കരിബാസപ്പ ചക്രശാലി പറഞ്ഞു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡൂര്‍ പൊലീസ് അറിയിച്ചു.
കര്‍ണാടകയില്‍ ഇത് രണ്ടാമത്തേത് :കര്‍ണാടകയില്‍ രാമനഗര ജില്ലയില്‍ സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ നാല് വയസുകാരി മരിച്ചതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാമനഹള്ളി ഗേറ്റിലുള്ള ശ്രീ സായി ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ രക്ഷയാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വിദ്യാര്‍ഥി ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്.